Sat. Nov 21st, 2026

കോട്ടയം: വർഗീയ പ്രഭാഷണം തുടർന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളൂ. ബാക്കി എല്ലാവരും കുരിശിൻ്റെ വഴിയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകാർ കേരളത്തിന്റെ സമ്പത്ത് മൊത്തം കൊണ്ടുപോയി. മുമ്പ് പി ജെ ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അൽഫോൻസ് കണ്ണന്താനം ക്രിസ്ത്യാനികൾക്ക് നിരവധി കോളജുകൾക്ക് അനുവാദം കൊടുക്കാത്തത് അദ്ദേഹത്തെ ഉദ്ധരിച്ച് വെള്ളാപ്പളി പറഞ്ഞു.

പാല രാമപുരം സി.ആർ. കേശവൻ വൈദ്യർ നഗറിൽ (മൈക്കിൾ പ്ലാസ ഓഡിറ്റോറിയം) വച്ച് നടന്ന മീനച്ചിൽ – കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു സ്വാഗതം പറഞ്ഞ സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. യോഗം കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ, സജീവ് വയലാ, കിഷോർ കുമാർ എന്നിവർ ആശംസകൾ നേർന്നു. മീനച്ചിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് നന്ദിയും പറഞ്ഞു.