തൃശൂർ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജാതി മത ദൈവ രഹിതജീവിതത്തിലൂടെ മാതൃകാ ജീവിതം നയിച്ച, സർവ്വരാലും ആദരിക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവായിരുന്ന സഖാവ് വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി അഗാധദുഃഖം രേഖപ്പെടുത്തി.
ഏതു പ്രതിസന്ധിഘട്ടത്തിലും അടിസ്ഥാന വർഗ്ഗത്തിനൊപ്പം നിലകൊണ്ട നേതാവായിരുന്നു സഖാവ് വിഎസ്. മലയാളിയെ പരിസ്ഥിതി പാഠം പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. സ്ത്രീ പക്ഷ സമരങ്ങളെ എന്നും ന്യായീകരിക്കുകയും അതിൻ്റെ മുൻനിരയിൽ നിൽക്കാൻ ഒരിക്കലും അദ്ദേഹം യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല.അനീതിയോടും അഴിമതിയോടും നിർത്താതെയുള്ള കലഹമായിരുന്നു വി എസിൻറെ ജീവിതം.
മതികെട്ടാൻ മുതൽ മൂന്നാറിലെ തോട്ടം തൊഴിലാളി സമരം വരെ മനുഷ്യദുഃഖങ്ങൾ തളം കെട്ടിയ എല്ലാ സ്ഥലങ്ങളിലും ബയണറ്റിൻ്റെ മുറിവേറ്റ പാടുകൾ പേറുന്ന കാലുമായി ഓടിയെത്തി ഇരയുടെ സാന്ത്വനമായി മാറുകയായിരുന്നു വിഎസ്.

ജാതിസംഘടനാ നേതാക്കളെയും ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. അതിൻറെ പേരിൽ അദ്ദേഹത്തിനെതിരെ മരണശേഷവും വർഗ്ഗീയവാദികൾ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങൾ തുടരുകയാണ്. ജാതിക്കും മതത്തിനും ദൈവത്തിനും അതീതനായി ജീവിച്ച അദ്ദേഹത്തെ മതരാഷ്ട്രവാദികളായ ആളുകൾ വർഗ്ഗീയവാദി എന്ന് വിളിച്ചധിക്ഷേപിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ കഴിയുന്നതിന് മുൻപ് തന്നെ വളരെ നികൃഷ്ടമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം മതജീവികളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ആലപ്പുഴയിൽ സഹോദര സംഘവും യുക്തിവാദി സംഘവുമൊക്കെ ഉണ്ടാക്കിയ ആദ്യകാല യുക്തിവാദികൾ ആയിരുന്ന ആർ സുഗതൻ അടക്കമുള്ള ആളുകളാണ് പിന്നീട് കമ്യൂണിസ്റ്റ്കാരായി മാറിയവരിൽ അധികവും. പിന്നീട് കേരള യുക്തിവാദി സംഘത്തിൻ്റെ രൂപീകരണത്തിന് ശേഷവും സംഘത്തിൻറെ സഹയാത്രികനും സംഘം പ്രവർത്തനങ്ങളെയും പ്രവർത്തകരെയും എന്നും ശ്ളാഘിക്കുകയും ചെയ്തിട്ടുള്ള സഖാവ് വി.എസ് അച്യുതാനുൻ്റെ വേർപാടിൽ കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്നും കേരളാ യുക്തിവാദി സംഘത്തിന് വേണ്ടി സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


