Mon. Nov 23rd, 2026

ആലപ്പുഴ: സൂര്യനെല്ലി കേസിൽ വി.എസിൻ്റെ ഇടപെടൽ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകയായ സുജ സൂസൻ ജോർജ് രംഗത്ത്. സൂര്യനെല്ലി പെൺകുട്ടിക്ക് നീതി കിട്ടാൻ നിരന്തരം പോരാടിയ വി.എസ്, ആ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും സാഹചര്യം മനസ്സിലാക്കി ഒരുലക്ഷം രൂപ നൽകിയിരുന്നു എന്നാണ് സുജ സൂസൻ ജോർജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കേരളം അറിയാത്ത കാര്യമാണ് വി.എസ് വിട പറഞ്ഞ സാഹചര്യത്തിൽ സുജ സൂസൻ ജോർജ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി.എസ് സൂര്യനെല്ലി പെൺകുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച് പണം കൈമാറിയിരുന്നത്.

കേരളത്തിൻ്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയാണ് സുജ സൂസൻ ജോർജ് ഫേസ്ബുക് പോസ്റ്റിൽ പരാമർശിച്ച പെൺകുട്ടി. 1996-ൽ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ഉന്നതർ ഉൾപ്പെടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസ് വി.എസ് ഏറ്റെടുത്തതോടെയാണ് വഴിത്തിരിവുണ്ടായിരുന്നത്.

സുജ സൂസൻ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

വി എസ്…..
നിരന്തരം തളിർക്കുന്ന വൻമരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം. അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു. കണ്ണേ, കരളേ. വി എസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി, തൊണ്ട ഇടറി, കണ്ണ് നിറഞ്ഞ്, ജീവന്റെ ആഴത്തിൽ നിന്ന് ഉതിർന്ന മുദ്രാവാക്യങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങൾ എൻറെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്. വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും. സൂര്യനെല്ലി കേസും വിഎസും അത് വലിയൊരു ചരിത്രമാണ്. അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്.

വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോൺവിളി വി എസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാർട്ടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കണ്ട് ദീർഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വി എസിനെ ആദ്യം കാണുകയാണ്. ടോൺഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാൻ ഇനിയുമേറെയുണ്ട് ബാക്കി. പ്രായം 85നു മേൽ.

അതിന് അടുത്ത ആഴ്ച വി എസ് ചങ്ങനാശേരിയിലെ അവരുടെ വീട് സന്ദർശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാൻ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വി എസ് പറഞ്ഞു. ”ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്.” അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.

വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..