ആലപ്പുഴ: കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിയ്ക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തില്‍ 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് ഈ ആരോപണം.
കേരള നിയമസഭയിലെ പ്രതിപക്ഷത്തെ ഈഴവ പ്രാതിനിധ്യം ഒറ്റയാളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നത് തന്നെ ഇതിനുദാഹരണമാണ്. ക്രൈസ്തവ സഭയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റായി പ്രതിഷ്ഠിച്ചത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്. സുധാകരന് കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണിത്.
സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ പിന്നീട് അവകാശങ്ങള്‍ ഓരോന്നായി പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. എന്നാല്‍ സംഘടിച്ചു ശക്തരാകാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണ ദര്‍ശനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ക്ക് ആ ആവേശം നിലനിര്‍ത്താനാകാതെ പോയതിനാല്‍ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല. സമുദായ ബലത്തില്‍ കേരളത്തില്‍ ഒന്നാമതായിട്ടും അതിനാനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നത് ബലഹീനതയാണ്.
ദേവസ്വം ബോര്‍ഡുകളിലടക്കം മുന്നാക്കക്കാര്‍ ഭൂരിപക്ഷം അവസരങ്ങളും സ്വന്തമാക്കി വച്ചിട്ടും സര്‍ക്കാരിനെ സ്വാധീനിച്ച് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുത്തു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിയമനം ലഭിച്ചെത്തിയ ഒരാള്‍ക്ക് ഈഴവനാണെന്നതിന്റെ പേരില്‍ നേരിടേണ്ടി വന്ന ജാതിവിവേചനം നവോത്ഥാന കേരളത്തിന് നാണക്കേടാണ്. എന്തിനുവേണ്ടിയാണോ സി. കേശവനെപ്പോലുള്ള മഹാരഥന്മാര് പോരാടിയത്, അതേ സാഹചര്യം ഇന്നും നിലനില്‍ക്കുന്നുവെന്നത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകള്‍ക്ക് പുറമെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ക്ക് പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങള്‍ ഉറപ്പിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി ഇക്കൂട്ടര്‍ ഒന്നിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി. യോഗം നിരന്തരം ശബ്ദമുയര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അവര്‍ യോഗത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. സര്‍ക്കാര്‍ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാന്‍ സവര്‍ണ, ന്യൂനപക്ഷ സമുദായങ്ങള്‍ ഒരുമിച്ച് നില്ക്കുന്ന ഈ കാലത്തു ഈഴവര്‍ തമ്മിലടിച്ച് സ്വയം നശിക്കുകയാണെന്ന് വെളളാപ്പളളി പറയുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

