Wed. Nov 25th, 2026

✍️ സുരേഷ്. സി.ആർ

1967 ഡിസംബർ 3-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുള്ള ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ മരണാസന്നനായി കിടന്ന ലൂയിസ് വാഷ്കൻസ്കി എന്ന പലചരക്കുകടക്കാരന്, അപകടത്തിൽപ്പെട്ട് തലച്ചോറും ശരീരത്തിന്റെ കീഴ്ഭാഗവും തകർന്ന് മരിച്ച ഡെനിസി എന്ന യുവതിയുടെ ഹൃദയം മാറ്റി വച്ച് വൈദ്യശാസ്ത്രചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നിന് തുടക്കമിട്ട ഡോക്ടറാണ് ക്രിസ്ത്യൻ ബർനാഡ് (1922 – 2001).

മുപ്പത് സഹായികൾക്കൊപ്പം ബർനാഡ് നടത്തിയ ദീർഘമായ ഈ ശസ്ത്രക്രിയ മനുഷ്യന്റെ വന്യമായ സകല്പങ്ങളിലൊന്നാണ് യാഥാർത്ഥ്യമാക്കിയത്. 18 ദിവസത്തിനു ശേഷം ന്യൂമോണിയ ബാധിച്ച് വാഷ്കൻസ്കി മരിച്ചെങ്കിലും ഒരു സാധാരണ ഡോക്ടറായിരുന്ന ക്രിസ്ത്യൻ ബർനാഡിനെ വൈദ്യശാസ്ത്ര രംഗത്ത് സൂപ്പർ താരമാക്കി.

ബർനാഡിന്റെ സഹോദരൻ അഞ്ചാം വയസ്സിൽ ഹൃദ്രോഗത്താൽ മരിച്ചതാണ് അദ്ദേഹത്തെ ഒരു ഡോക്ടറാക്കാൻ പ്രേരിപ്പിച്ചത്. 1946-ൽ കേപ്ടൗൺ സർവകലാശാലയിൽ നിന്നും വൈദ്യശാസ്ത്ര ബിരുദം നേടി. 1956-ൽ ഫെലോഷിപ്പുമായി അമേരിക്കയിൽ പഠനത്തിനെത്തി.1958-ൽ മിനസോട്ട സർവകലാശാലയിൽ നിന്നും സർജറിയിൽ മാസ്റ്റർ ബിരുദവും പി എച്ച് ഡി യും നേടി.

രൂപ സൗന്ദര്യവും താരപ്പൊലിമകൊണ്ടും ‘ഫിലിം സ്റ്റാർ സർജൻ’ എന്നാണ് ബർനാഡ് അറിയപ്പെട്ടിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു രോഗികളെ സൗജന്യമായി ചികിത്തിച്ചു. മൂന്നു തവണ വിവാഹിതനായെങ്കിലും മൂന്നും വിവാഹമോചനത്തിൽ കലാശിച്ചു.

ഒരു ഒഴിവുകാലാഘോഷത്തിനിടയിൽ ഹോട്ടലിലെ നീന്തൽകുളത്തിൽ വീണ് ഹൃദയാഘാതത്തിലായിരുന്നു ബർനാഡ് മരിച്ചത്. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദൻ മാരിയസ് ഇളയ സഹോദരനാണ്.

1967 ഡിസംബർ മൂന്ന്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ഗ്രൂട്ട്ഷൂർ ആശുപത്രി. അവിടെ മരണാസന്നനായി കിടക്കുകയാണ് ലൂയിസ് വാഷ്കൻസി എന്ന പലചരക്കുകടക്കാരൻ. ഹൃദ്രോഗബാധിതനായിരുന്നു ആ അമ്പത്തഞ്ചുകാരൻ. അയാൾ ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കിൽ ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു വഴി. ഗ്രൂട്ട്ഷൂർ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയായ ക്രിസ്‌ത്യൻ ബർനാഡ് അതു തന്നെ നിശ്ചയിച്ചു. അന്നുവരെ അചിന്ത്യമായിരുന്നു ആ അത്ഭുതകൃത്യം. കാറപകടത്തിൽ മരിച്ച് ഡെനിസി ഡാർവൽ എന്ന ഇരുപത്തഞ്ചുകാരൻ്റെ ഹൃദയം വാഷ്കൻസ്കിയിലേക്കു മാറ്റിവയ്ക്കാൻ ബർനാഡ് തയ്യാറെടുത്തു.  വൈദ്യശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നിൻ്റെ തുടക്കമായിരുന്നു അത്.

അപകടത്തിൽപെട്ട് തലച്ചോറും ശരീരത്തിന്റെ കീഴ്ഭാഗവും തകർന്ന് ആശുപത്രിയിലെത്തുമ്പോൾ ഡെനിസി എന്ന യുവാവ് മരിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ക്ഷതമേൽക്കാതിരുന്ന അയാളുടെ ഹൃദയം ഹൃദയഭിത്തികളിലുള്ള നാഡികളുടെ ഉത്തേജനത്താൽ അപ്പോഴും സ്‌പന്ദിച്ചുകൊണ്ടിരുന്നു. ഒരു ശസ്ത്രക്രിയാ പരീക്ഷണത്തിനുള്ള അസുലഭാവസരം വന്നു ചേർന്നതായി ബർനാഡ് മനസ്സിലാക്കി. ഡെനിസിയുടെ നിശ്ചലദേഹത്തു നിന്നും ഹൃദയം അടർത്തിയെടുത്ത് വാഷ്കൻസ‌ിയിൽ അദ്ദേഹം വച്ചുപിടി പ്പിച്ചു. ബർനാഡിനൊപ്പം മുപ്പതുസഹായികളും ഈ ദീർഘമായ ശസ്ത്രക്രിയയിൽ പങ്കുകൊണ്ടു. വാഷ്‌കൻസ്‌കിയുടെ ശരീരം അന്യഹൃദയത്തെ സ്വീകരിച്ചതോടെ വൈദ്യശാസ്ത്രത്തിൻ്റെ വന്യമായ സങ്കല്പങ്ങളിലൊന്നു യാഥാർത്ഥ്യമായി. പതിനെട്ട് ദിവസത്തിനു ശേഷം ന്യൂമോണിയ ബാധിച്ച് വാഷ്കൻസി മരിച്ചെങ്കിലും ക്രിസ്‌ത്യൻ ബർനാഡ് എന്ന പേര് ഭൂലോകത്തിലെ ഓണംകേറാമൂലകളിൽപ്പോലും പ്രശസ്‌തമായിക്കഴിഞ്ഞിരുന്നു. ഒറ്റരാത്രി കൊണ്ട് വൈദ്യരംഗത്ത് അദ്ദേഹം ഒരു സൂപ്പർ താരമായി.

മനുഷ്യൻ ഹൃദയം മാറ്റിവയ്ക്കേണ്ടി വരുന്ന നിമിഷത്തെക്കുറിച്ച് ക്രിസ്ത്യൻ ബർനാഡ് പറയുന്നു: “മരിച്ചുകൊണ്ടിരിക്കുന്ന ഒരാളിന്, ഹൃദയംമാറ്റിവയ്ക്കൽ പ്രയാസമുള്ള ഒരു തീരുമാനമല്ല. മുതലകൾ നിറഞ്ഞ ഒരു നദിയിലേക്ക് ഒരു സിംഹം നിങ്ങളെ ഓടിക്കുകയാണെങ്കിൽ, മറുകരയിലേക്കു നീന്താൻ ഒരു അവസരം കിട്ടിയേക്കും എന്ന പ്രതീക്ഷയിൽ നിങ്ങൾ വെള്ളത്തിലേക്കു ചാടും. എന്നാൽ സിംഹമില്ലെങ്കിൽ അത്തരമൊരു സാധ്യത നിങ്ങൾ ഒരിക്കലും സ്വീകരിക്കില്ല.”