തിരുവനന്തപുരം: തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടന്നാക്രമണങ്ങള്‍ക്കും മത ധ്രുവീകരണ നീക്കങ്ങള്‍ക്കും എതിരെ കേരളത്തിലെ ക്രൈസ്തവ സഭകള്‍ രംഗത്തുവന്നു.
ലത്തീന്‍ അതിരൂപതയും കത്തോലിക്കാ സഭയും തിരഞ്ഞെടുപ്പു സാഹചര്യം മുന്‍ നിര്‍ത്തി രാജ്യത്തെ അവസ്ഥ ഉയര്‍ത്തിക്കാട്ടുകയാണ്. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ത്ഥനദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കു കീഴിലെ പള്ളികളില്‍ ഇന്നു സര്‍ക്കുലര്‍ വായിച്ചു.
രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നുമാണ് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍ പറയുന്നത്. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് അതിരൂപത തയ്യാറാക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം. ഈ മാസം 22ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
മാര്‍ച്ച് 22ന് ഉപവാസപ്രാര്ഥന ദിനം ആചരിക്കണമെന്ന് ഇന്ത്യന്‍ കത്തോലിക്കാ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്. മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.


