Sat. Apr 20th, 2024

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയത് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ ആണെന്നു പോലീസ് വെളിപ്പെടുത്തി. സ്ഥിരം കുറ്റവാളിയായ പതി ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്.

പ്രതിയുമായി ഇന്ന് രാവിലെ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറി. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്മാന്‍ അനുവിന് ലിഫ്റ്റ് കൊടുത്തത്. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ടു.

പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പില്‍ എടവണ്ണപ്പാറ ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ 11ന് മട്ടന്നൂരില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്.ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.

മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാരില്‍ നിന്നും രോഷ പ്രകടനമുണ്ടായി.ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.