Wed. Nov 25th, 2026

മലപ്പുറം: കേരള യുക്തിവാദി സംഘത്തിന്റെ രക്ഷാധികാരിയും, ദീർഘകാലം യുക്തിവാദി സംഘത്തിൻറെ പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11. 10 ന് ആയിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കുറച്ചു കാലമായി അർബുദ രോഗം മൂലം കിടപ്പിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും. ഉച്ചക്ക് 1 മണി വരെ വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. കലാനാഥൻ മാഷ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ജനകീയാസൂത്രണം ഏറ്റവും ഭംഗിയായി നടത്തിയതിനുള്ള സംസ്ഥാന അവാർഡ് ആ പഞ്ചായത്തിന് ലഭിക്കുന്നത്. യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ FIRA മുൻ ജനറൽ സെക്രട്ടറി ആണ്. കേരളത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കിയ നേതാക്കളിൽ പ്രമുഖനാണ്. നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ നേതാവും കവിയും പ്രഭാഷകനും എഴുത്തുകാരനുമാണ് യു. കലാനാഥൻ. 2019ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് ജേതാവാണ്

മിശ്രഭോജനവും മിശ്രവിവാഹവും മുന്നോട്ടുവെച്ച ഗുരുവിന്റെ നിലപാടുകളെ മുന്നോട്ട് കൊണ്ടുപോയ കേരളത്തിലെ ആദ്യയുക്തിവാദികളുടെ നേതൃത്വമായി മാറിയ സഹോദരനയ്യപ്പനടക്കമുള്ളവരുടെ നിശിത ജാതിവിമര്‍ശനവും യുക്തിബോധവും ശാസ്ത്രീയമായ കാഴ്ചപാടിൽ മുന്നോട്ട് നയിച്ച ദീർഘദർശിയായ എഴുത്തുകാരനും സംഘടകനുമാണ് യു.കലാനാഥൻ മാസ്റ്റർ.



കേരളാ യുക്തിവാദിസംഘത്തിൻറെ സ്ഥാപകനേതാക്കളിൽ ഒരാളായ അദ്ദേഹം അന്ന് പങ്കുവെച്ച അതേ വീറും വാശിയും കൃത്യതയുംഅവസാന നാളുകളിലും തുടർന്നു. സംവാദങ്ങളില്‍ കത്തിക്കയറുമ്പോഴും, സൗഹൃദത്തിന്റെ അതിര്‍ത്തി തകര്‍ക്കില്ല. വ്യക്തികളോടല്ല, ആശയങ്ങളോടും നിലപാടുകളോടുമാണ് മാഷിന്റെ എതിരിടല്‍. അതുകൊണ്ടാണ്, രാവിലെയും ഉച്ചക്കും വൈകുന്നേരവും ഭക്ഷണത്തിനുമുമ്പും പിമ്പും ദൈവമില്ലെന്ന് പറഞ്ഞു നടക്കുന്ന ഈ പെരും ‘യുക്തിവാദിയെ’ മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള വള്ളിക്കുന്ന് നിവാസികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതും.

സ്വന്തം ‘ദൈവവിരുദ്ധത’ അഗാധമായ മനുഷ്യസ്‌നേഹമായി മാറിയതുകൊണ്ടാവണം, മാഷ് വള്ളിക്കുന്നു പഞ്ചായത്തിന്റെ പ്രിയപ്പെട്ട പ്രസിഡണ്ടായി. 1995-2000ലെ മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്ന് മാറി, ‘സ്വരാജ് അവാര്‍ഡി’ന് അര്‍ഹമായി. മികച്ചൊരു ജനകീയ ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നതിന്റെ മാതൃകയായി. വള്ളിക്കുന്നിലെ മുഴുവന്‍ മനുഷ്യരേയും ജാതിമത വിശ്വാസഭേദമന്യേ വികസന പ്രവര്‍ത്തനങ്ങളില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞത്.

അദ്ദേഹത്തിന്റെ യുക്തിവാദത്തില്‍ അനിവാര്യമായും യുക്തിവാദസഹജമായ ‘ശാഠ്യ’ങ്ങള്‍ ഉണ്ട്. പക്ഷേ അതിനൊക്കെയപ്പുറം അതിലെന്നും മുഴങ്ങിയത്, മുഴങ്ങുന്നത് മനുഷ്യത്വത്തിന്റെ ശബ്ദമാണ്.‘അര നൂറ്റാണ്ടുമുമ്പ് വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ കവിതകളായിരുന്നു അദ്ദേഹത്തിന്റെ ലോകം. ചങ്ങമ്പുഴക്ക് ഒരു മുറിയുണ്ടായിരുന്നു അവിടെ. എഴുത്തില്‍ അത് തെളിഞ്ഞുനിന്നു. കോളേജ് കാലം കഴിയുമ്പോള്‍ രാഷ്ട്രീയകാഴ്ചകള്‍ ചേര്‍ന്ന് സ്വന്തം കാവ്യഭാഷ ഉറച്ചുവന്നതാണ്. എഴുപതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കവിതകളില്‍ പുതിയ ഭാവുകത്വത്തിന്റെ തെളിച്ചമുണ്ടായിരുന്നു. കലാനാഥന്‍ പിന്നീടെപ്പോഴോ കവിയല്ലാതായി. അഥവാ കവിയില്‍ കവിഞ്ഞതായി.’



ഇടയ്ക്കിടക്ക് കവിയായ പഴയ മാഷിനെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോള്‍, അദ്ദേഹം പറയും, ‘ഓ കവിതയോ, വെറും ടൈം വേസ്റ്റ്’. യു കലാനാഥന്‍ നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രതീക്ഷയോടെ ‘സുഹൃത്തുക്കളെ’ വായിച്ചു കേള്‍പ്പിച്ചപ്പോള്‍, ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ആ നിരാശയാണ് കവിതയെ കയ്യൊഴിക്കാന്‍ കാരണമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. അതോടൊപ്പം യുക്തിവാദത്തിന്റെ ചൂടില്‍ ‘കവിത’ വറ്റിപ്പോയതുമാവാം! എന്നാല്‍ കലാനാഥന്‍ എന്നു പേരുള്ള യുക്തിവാദി, കവിതയെ തള്ളിയാലും ‘കവിത’ക്ക് ആ യുക്തിവാദിയെ അങ്ങിനെ തള്ളാന്‍ കഴിയുമായിരുന്നില്ല.

അങ്ങനെ 2019ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡ് യു.കലാനാഥൻ മാസ്റ്ററെ തേടി വന്നു.

ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ശോഭന, മകൻ ഷമീർ