Sun. Apr 21st, 2024

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേരുമെന്ന അഭ്യൂഹം ശക്തം. വ്യാഴാഴ്ച ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാല്‍ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന.

നിലവില്‍ പത്മജ വേണുഗോപാല്‍ ഡല്‍ഹിയിലാണ്. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്ബുക്കില്‍ കൂടി രംഗത്തെത്തി. ‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാല്‍ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നു ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ രാജ്യസഭയിലേക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി പത്മജ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്നു വാഗ്ദാനം ചെയ്തതോടെ പാര്‍ട്ടി തന്നെ ഗൗനിക്കുന്നില്ലെന്ന നിലപാടില്‍ പത്മജ എത്തിച്ചേര്‍ന്നു. ബി ജെ പി നേതൃത്വവുമായി ഇതിനിടെ രഹസ്യ നീക്കങ്ങള്‍ നടത്തിയെന്നാണ് അറിയുന്നത്.

സഹോദരന്‍ കെ മുരളീധരന്‍ എം പിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തടയാന്‍ ശ്രമിച്ചില്ലെന്നും സൂചനയുണ്ട്. വടകരയില്‍ വീണ്ടുംജനവിധി തേടാനിരിക്കുന്ന കെ മുരളീധരന് സഹോദരിയുടെ ബി ജെ പി പ്രവേശനം വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.