Sun. Nov 22nd, 2026

തിരുവനന്തപുരം: ഒരു കുടുംബക്ഷേത്ര ട്രസ്റ്റിന് അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി 65 കിലോമീറ്റർ ചുറ്റളവിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, നടുറോഡിൽ അടുപ്പ് കൂട്ടുന്ന പരിപാടിയും കുത്തിയോട്ടം എന്ന പേരിൽ കുഞ്ഞുങ്ങൾക്കെതിരായി നടക്കുന്ന അതിക്രമവും അവസാനിപ്പിക്കണെമെന്ന ആവശ്യവുമായി ഈ വർഷവും ഒറ്റയാൾ സമരം നടത്തുമെന്ന് ആർട്ടിസ്റ്റ് പി. പി.സുമനൻ. കുത്തിയോട്ടം തടയണമെന്ന 2014 ലെ ബാലാവകാശ കമ്മീഷണൻറെ ഉത്തരവുപോലും കാറ്റിൽ പറത്തിക്കൊണ്ട് ഒരുകുടുംബക്ഷേത്രം അവരുടെ സാമ്പത്തീക നേട്ടത്തിനുവേണ്ടി നടത്തുന്ന പ്രാകൃത ആചാരങ്ങൾ ഒരു ജനാധിപത്യ ഭരണകൂടം അനുവദിച്ചുകൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ തട്ടിപ്പു കൾക്ക് പ്രൊമോഷൻ നൽകാനായി ആവിഷ്ക്കരിച്ച പൊങ്കാല എന്ന കലാപരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

ആറ്റുകാലമ്മയുടെ മുന്നിൽ കുത്തിയോടിക്കാൻ തമിഴ്‌പിള്ളേരെ വാടകയ്ക്ക് കിട്ടും. കുട്ടികളെ വാടകയ്ക്ക് കൊടുക്കാൻ ഏജന്റ്മാരും. തമിഴ് പിള്ളേരെ തങ്ങളുടെ മക്കള്‍ക്കു പകരം വാടകക്ക് എടുത്താണ് പണക്കാര്‍ കുത്തിയോട്ടം നടത്തുന്നതെന്നത് മുൻപ് പലരും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചർച്ചയാകുകയും ചെയ്തതാണ്. ചേന്നാസ് – കുഴിക്കാട്ട് തിരുമേനിമാരുടെ വീട്ടിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്ത്‌?ഈ ആചാരത്തിനു പങ്കെടുക്കുന്ന ഒറ്റ നമ്പൂതിരി കുട്ടിയെ കാണിച്ചു തരാൻ പറ്റില്ല. സമാനമായി ഇത്തരം കോപ്രായങ്ങൾ കാണിക്കുന്ന വേറെയും ചില ക്ഷേത്രങ്ങൾ ഉണ്ടല്ലോ? ഈ കേരളത്തിൽ എവിടെയെങ്കിലും ബ്രാഹ്മണരുടെ കുട്ടികളെ നിങ്ങൾക്ക് ഇതിനൊക്കെ നടക്കുന്നത് കാണിച്ചുതരാമോ? ആറ്റുകാൽ ക്ഷേത്രത്തിലെ തന്ത്രിയുടെ പേരക്കുട്ടിയെയോ അവരുടെ കുടുംബത്തിലെ ഏതെങ്കിലും കുട്ടികളെയോ കുത്തിയോട്ടത്തിന് നിർത്താമോ എന്ന് അദ്ദേഹം ചോദിച്ചു.

ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ചത് ഇദ്ദേഹമാണ്. 2011 ൽ അദ്ദേഹം നിയമ നടപടി സ്വീകരിച്ചപ്പോൾ ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ചു. അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയതായി അന്നത്തെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തിരുന്നു. എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.



അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന് കാർട്ടുണിസ്റ്റും റിട്ടയേർഡ് അദ്ധ്യാപകനുമായ സുമനൻ തന്നെ നൽകിയ ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.

ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദ മലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ചതും ഇദ്ദേഹമാണ്. ഈ വിധിയുടെ പേരിൽ കളർകോട് ദൈവത്തിന് മൈക്ക് വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻറെ വീടിനുമുന്നിൽ എൻ എസ് എസ് വനിതാസംഘം നിരാഹാര സത്യാഗ്രഹം വരെ നടത്തിയിരുന്നു

ആറ്റുകാൽ പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനെതിരെ നവോത്ഥാന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഞ്ഞിവെക്കേണ്ടത് വീട്ടിലെ അടുക്കളയിൽ ആണെന്നും നാടു റോഡിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.