Sat. Apr 20th, 2024

ആലപ്പുഴ: തിരുവന്തോരത്തെ ഒരു ശൂദ്ര കുടുംബക്ഷേത്ര ട്രസ്റ്റിൻറെ അന്ധവിശ്വാസ തട്ടിപ്പിൻറെ ഭാഗമായ പൊങ്കാലയുടെ പേരിൽ തലസ്ഥാനത്ത് അവധിയൊക്കെ പ്രഖ്യാപിച്ച് റോഡിൽ അടുപ്പുകൂട്ടി കഞ്ഞിവെക്കാൻ ഭക്തശിരോമണികൾ ഭക്തിപാരവശ്യത്തോടെ കാത്തിരിക്കുമ്പോൾ ജില്ലാകളക്ടർക്ക് മുന്നിൽ വ്യത്യസ്തമായ ഒരപേക്ഷയുമായി ആലപ്പുഴയിലെ അസവർണ്ണ യുക്തിവാദികൾ

തനിക്ക് പൊങ്കാലയും സർപ്പം തുള്ളലും നടത്താൻ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് വാടകയ്ക്ക് തരണമെന്നാവശ്യപ്പെട്ട് ആണ് അസവർണ്ണ യുക്തിവാദികൾക്ക് വേണ്ടി പിപി സുമനൻ കളക്ടർക്ക് അപേക്ഷ നൽകാനെത്തിയത്. എന്നാൽ അപേക്ഷ സ്വീകരിക്കാൻ ജില്ലാഭരണാധികാരികൾ തയ്യാറായില്ല. നമ്പൂതിരിക്കും നായർക്കും മാത്രമേ നിയമവിരുദ്ധമായി റോഡ് വാടകയ്ക്ക് കൊടുക്കുകയുള്ളോ എന്ന് പിപിസുമനൻ ചോദിക്കുന്നു.

നടുറോഡിൽ പൊങ്കാലയ്‌ക്കെതിരെയും കുത്തിയോട്ടത്തിനെതിരെയും ദീർഘകാലമായി ഒറ്റയാൾ പോരാട്ടവും നിയമനടപടികളും നടത്തിവരുന്ന റിട്ടയേഡ് അദ്ധ്യാപകൻ പിപി സുമനൻ. താൻ വർഷങ്ങളായി പൊങ്കാലയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തതിനാലാണ് അദ്ദേഹം തനിക്കും റോഡിൽ ആചാരപരമായ ഒരു കലാപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നൽകണം എന്ന അപേക്ഷയുമായി എത്തിയത്.

താൻ ആലപ്പുഴയിലെ അതിപുരാതന ഈഴവ കുടുംബാംഗമാണെന്നും കുമാരനാശാൻ എസ്എൻഡിപിയോഗം സെക്രട്ടറിയായിരിക്കുമ്പോൾ ആദ്യകാല ശാഖാ സെക്രട്ടറിയായിരുന്നു തൻറെ പിതാവെന്നും ചക്കുകുളത്തു കാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർക്കും സിൽബന്ദികളായ കുറെ ശൂദ്രന്മാർക്കും ആറ്റുകാലിലിലെ ശൂദ്രർക്കും മാത്രമല്ല കുടുംബ മഹിമയും കുടുംബക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വന്തമായി ഉള്ളതെന്നും തങ്ങൾക്കും ഇതൊക്കെയുണ്ടെന്നും നമ്പൂതിരിയുടെയും നായരുടെയും അന്ധവിശ്വാസങ്ങൾ മാത്രമേ അധികാരികൾ അംഗീകരിക്കുകയുള്ളോ എന്നും അദ്ദേഹം ചോദിച്ചു.

താൻ വിശ്വാസിയല്ലെങ്കിലും തൻറെ കുടുംബക്ഷേത്രത്തിൽ ഭാര്യയുടെ വകയായി ഒരു പൊങ്കാലയും കളമെഴുത്തും പാട്ടും നടത്താൻ തീരുമാനിക്കുകയും ആയതിലേക്ക് ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് തനിക്ക് വാടകയ്ക്ക് തരണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം രേഖാമൂലം അപേക്ഷ നൽകിയത്. എന്നാൽ ജില്ലാ അധികാരികൾ തൻറെ അപേക്ഷ നിരസിക്കുകയും രാധാകൃഷ്ണൻ നമ്പൂതിരിയുടെ കുടുംബക്ഷേത്രത്തിൽ പൊങ്കാലയ്ക്ക്`ആലപ്പുഴ പത്തനംതിട്ട ജില്ലകളക്ടർമാർ രണ്ടുജില്ലകളിലെ 21 കി.മി റോഡ് അടുപ്പു കൂട്ടാനായി വിട്ടുകൊടുക്കുകയും റോഡിൽ കഞ്ഞിവെപ്പിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യാറുള്ളതായി പത്രങ്ങളിൽ വാർത്ത വരാറുണ്ട് . തലസ്ഥാന നഗരമായ തിരുവനന്തപുരത്തും നാളെ ഈ കലാപരിപാടി അരങ്ങേറുകയാണ്. റോഡിൽ കഞ്ഞിവെക്കുന്നതിന് എത്തിച്ചേരുന്ന അന്ധവിശ്വാസികളുടെ സൗകര്യാർത്ഥം കെ എസ് ആർടിസി പ്രത്യേക ട്രിപ്പുകളും 2000 പോലീസുകാരെയും അവിടേക്ക് ഡ്യൂട്ടിക്ക് ഇട്ടിട്ടുള്ളതായിക്കണ്ടു. ഇതുകൂടാതെ പ്രാഥമീകസൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കുകയാണ്. ഇത് ഇരട്ട നീതിയല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

സ്വന്തമായി അന്ധവിശ്വാസങ്ങളും തട്ടിപ്പുകേന്ദ്രങ്ങളുമുള്ള നമ്പൂതിരിയുടെയും നായരുടെയും അന്ധവിശ്വാസകേന്ദ്രങ്ങൾക്ക് സർക്കാർ സംവിധാനങ്ങളും പണവും ദുരുപയോഗപ്പെടുത്തുമ്പോൾ കേരളത്തിലെ എറ്റവും കൂടുതൽ അംഗസംഖ്യയുള്ള സമുദായത്തിൽ പിറന്ന തൻറെ കുടുംബക്ഷേത്രത്തിലെ അന്ധവിശ്വാസങ്ങൾക്ക് നേരെ വിവേചനം കാണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണൻ നമ്പൂതിരിയുടെ അന്ധവിശ്വാസങ്ങൾ പോലേ വിലപ്പെട്ടതാണ് അതിപുരാതന ഈഴവ കുടുംബത്തിൽ പിറന്ന തനിക്ക് തൻറെയും അന്ധവിശ്വാസങ്ങൾ എന്നും അവയുടെ സംരക്ഷണത്തിനായി താനും കോടതിയെ സമീപിക്കുമെന്നും അതിനാണ് ഇങ്ങനെ ഒരപേക്ഷ നൽകിയതെന്നും. അപേക്ഷ നേരിട്ട് സ്വീകരിക്കാഞ്ഞതിനാൽ മെയിൽ ആയി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ കോടതികളും അന്ധവിശ്വാസങ്ങൾക്കൊപ്പമായതിനാലാണ് താനും ഇതിലെ നിയമലംഘനങ്ങൾക്കെതിരെ കോടതിയിൽപോകാതെ നമ്പൂതിരിക്കും നായർക്കും മാത്രമല്ല അന്ധവിശ്വാസമുള്ളതെന്നും തൻറെ കുടുംബത്തിന്റെയും അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചു കിട്ടാൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുവേണ്ടിയാണ് താൻ റോഡ് വാടകയ്ക്ക് ചോദിച്ച് അപേക്ഷ നൽകിയതെന്നും ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അന്ധവിശ്വാസത്തിനെതിരെ കേസുകൊടുത്തൽ കോടതികാൾ സ്വീകരിക്കില്ല. അന്ധവിശ്വാസം സംരക്ഷിച്ചുകിട്ടാൻ കേസ് കൊടുത്താലേ അത് ഫയലിൽ എങ്കിലും സ്വീകരിക്കൂ എന്നതാണ് കോടതികളുടെയും അവസ്ഥ. അതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെയും അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചുകിട്ടാനായി കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം പിപി സുമനൻറെ ഒറ്റയാൾപ്പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില യുക്തിവാദികളും രംഗത്തവന്നിട്ടുണ്ട്. മുൻപ് പൊങ്കാല ദിവസം കളക്റ്ററേറ്റ് പടിക്കൽ പൊങ്കാല വിരുദ്ധ കഞ്ഞിവെക്കൽ സമരവും ആലപ്പുഴയിലെ യുക്തിവാദികൾ സംഘടിപ്പിച്ചിരുന്നെങ്കിലും അത് പോലീസ് തടഞ്ഞിരുന്നു. ലിബി സിഎസ് നെയും പിപി സുമനനെയും ഫെബ എം തമ്പുരുവിനെയും പൊങ്കാല കഴിയുന്നതുവരെ എസ്‌പി ഓഫീസിൽ കസ്റ്റഡിയിൽ വെച്ചുകൊണ്ടാണ് കലക്ടറേറ്റിനുമുന്നിൽ കഞ്ഞിവെക്കാനും ഉണക്കമീൻ ചുടാനുമുള്ള അവരുടെ ശ്രമം അന്ന് പോലീസ് തടഞ്ഞത്.