Sat. Nov 21st, 2026

പലിശക്കെണിയില്‍ കുടുങ്ങി പ്രവാസികള്‍; നാലുവയസ്സുകാരന്റെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി പിടിച്ചുവെച്ചിരിക്കുന്നു; ഇരട്ടിയിലധികം പണം തിരികെ നല്‍കിയിട്ടും പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കാതെ തൃശൂര്‍ സ്വദേശി അജോയ് പ്രവാസികളെ കബളിപ്പിക്കുന്നു; ദുബൈയിലും നാട്ടിലും ഇയാൾക്കെതിരെ വ്യാപക പരാതി

ആവശ്യക്കാരനുമേല്‍ പലിശയുടെ കത്തിവീശി കൊള്ളലാഭം കൊയ്യുകയും പാവങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന പലിശ റാക്കറ്റുകള്‍ ഗള്‍ഫുനാടുകളില്‍ സജീവം. വാങ്ങുന്ന പണത്തിന്റെ ഇരട്ടിയിലധികം തിരികെ നല്‍കിയാലും പലിശക്കാരുടെ കെണിയില്‍ പെടുന്നതോടെ പ്രവാസിയുടെ ജീവിതം ദുരിതപൂര്‍വ്വം ആകുന്നു. മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പണം ഇത്തരം റാക്കറ്റുകള്‍ കൊണ്ടുപോകുന്ന വാര്‍ത്തകള്‍ ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്.

ഇപ്പോള്‍ കൊള്ളപ്പലിശക്ക് പണംനല്‍കി യാത്രാ രേഖകള്‍ കൈക്കലാക്കുകയും പണം തിരികെ നല്‍കിയതിന് ശേഷവും രേഖകള്‍ മടക്കിനല്‍കാതെ പ്രവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി. തൃശൂര്‍ സ്വദേശി അജോയ്എന്നയാള്‍ക്കെതിരെയാണ് റാസല്‍ഖൈമയിലെ മലയാളികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. റാസല്‍ഖൈമ പോലീസ് സ്‌റ്റേഷനില്‍ ഇതിനെക്കുറിച്ചു പരാതി നല്‍കിയെങ്കിലും അജോയ് നാട്ടിലേക്ക് മുങ്ങിയിരിക്കുകയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

യാത്രാരേഖകള്‍ തിരികെ കിട്ടാതെ നാട്ടിലേക്ക് പോകാനാകാതെ വലയുകയാണ് ഇവരില്‍ പലരും. ഇരട്ടിയിലധികം പണം നല്‍കിയിട്ടും പാസ്‌പോര്‍ട്ട് തിരികെ കിട്ടാത്ത അനൂപ് എന്നയാള്‍ പറയുന്നത് ഇങ്ങനെ: റാസല്‍ഖൈമയില്‍ ജോലി നോക്കുന്ന അനൂപ് അജോയിയില്‍ നിന്ന് 50,000 ദിര്‍ഹം (9,00,000 ഇന്ത്യന്‍ രൂപ) കടംവാങ്ങിയിരുന്നു. എന്നാല്‍ മുതലായും പലിശയായും 80,000 ദിര്‍ഹത്തിലധികം നല്‍കിയിട്ടും പാസ്‌പോര്‍ട്ട് തിരികെ കൊടുക്കാന്‍ അജോയ് തയ്യാറാവുന്നില്ല. അനൂപിന്റെ സഹോദരിയുടെ വിവാഹദിനം അടുത്തിട്ടുകൂടി നാട്ടില്‍പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ് അനൂപ്. തുടര്‍ന്ന് റാസല്‍ഖൈമ പോലീസില്‍ പരാതി നല്‍കി.

പോലീസ് അജോയിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും ഇയാള്‍ നാട്ടിലേക്ക് പോയി എന്നാണ് അവിടുന്ന് അറിയിച്ചത്. ആരുടെയും പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ ആര്‍ക്കും അധികാരം ഇല്ലെന്നും അനധികൃതമായി പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരിക്കുന്നതിന്റെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അജോയി സ്ഥലത്തിലാത്തതിനാല്‍ നീതി ലഭിക്കാതെ വലയുകയാണ് അനൂപ്. 50,000 ദിര്‍ഹംകൂടി നല്‍കിയാലേ പാസ്‌പോര്‍ട്ട് നല്‍കുകയുള്ളൂവെന്നും അല്ലാത്തപക്ഷം എങ്ങനെവേണോലും വാങ്ങിച്ചോളാനുമായിരുന്നു അജോയിയുടെ ഭീഷണി.നാട്ടിലെത്തിയാല്‍ ഒരു ഡിവൈ.എസ്.പി തന്റെ സ്വന്തം ആളാണെന്നും ഇയാള്‍ എന്ത് ചെയ്താലും ആരും ചോദിക്കാനും വരില്ലെന്നും പറഞ്ഞാണ് അജോയിയുടെ ഭീഷണി തുടരുന്നു.

ഇതുകൂടാതെ നാലുവയസ്സുകാരന്റെ ഉള്‍പ്പെടെ പാസ്‌പോര്‍ട്ടുകള്‍ അജോയിയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്നുള്ളപാരതികള്‍ ഉയരുന്നുണ്ട്. നിരവധിപേര്‍ അജോയിയുടെ പ്രവര്‍ത്തികാരണം നാട്ടില്‍ പോകാനോ മറ്റ് തൊഴില്‍ തേടാനോ ആകാതെ ബുദ്ധിമുട്ടുകയാണ്. അജോയിയുടെ തട്ടിപ്പുകള്‍ക്കെതിരേ പ്രധാനമന്ത്രിക്കും പ്രവാസി മന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രിക്കും, ഡി.ജി.പി, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, തൃശൂര്‍ ഡിവൈ.എസ്.പി, യു.എ.ഇ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് പ്രവാസികള്‍.