Sun. Nov 22nd, 2026

ജസ്റ്റിസ് ലോയയുടെ കേസിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീലിൽ നിന്നുള്ള ഹാക്കർമാരാണ് സൈറ്റിൽ കടന്നുകയറിയത്. പച്ചനിറത്തിലുള്ള ഇലയുടെ ചിത്രം നൽകിയ ശേഷം ഹാക്കെഡോ പോർ ഹൈ ടെക് ബ്രസീൽ ഹാക് ടീം എന്നും സൈറ്റിൽ എഴുതിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുന്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയ​ത്തിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. അത് ചൈനയിൽ നിന്നുള്ള ഹാക്കർമാരായിരുന്നു. സെൻ എന്ന ചൈനീസ് ഭാഷയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സൈറ്റുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതില്‍ പരിഹാസവുമായി ട്വീറ്റുകളും ഇറങ്ങിയിട്ടുണ്ട്. മോഡി സര്‍ക്കാരിന് മന്ത്രാലയങ്ങളുടെയും മറ്റ് അധികാര സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റ് പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് എങ്ങനെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ബ്രിജേഷ് കലപ്പ എന്നയാള്‍ ട്വീറ്റ് ചെയ്തത്.