Thu. Nov 19th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ആക്ഷേപഹാസ്യത്തിൻ്റെ അതിമധുരം വിതറിയ രാംദാസ് വൈദ്യർ മൺമറഞ്ഞിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. രാംദാസ്‌ വൈദ്യരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് പ്രസക്തിയേറുന്ന ഒരു കാലഘട്ടമാണിത്. ഒരുകാലത്ത് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, സമൂഹത്തിലെ പല ദുഷ്പ്രവണതകൾക്കുമെതിരെ പോരാടാൻ രാംദാസ് വൈദ്യർ കണ്ടെത്തിയ സമരമാർഗ്ഗമായിരുന്നു നർമ്മത്തിൽ ചാലിച്ച ആക്ഷേപഹാസ്യം.

കുറിക്കുകൊള്ളുന്ന തരത്തിലുള്ള രാംദാസ് വൈദ്യരുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങൾ മലയാളികളെ രസിപ്പിച്ചു. കോഴിക്കോടിന്റെ ചിരിവൈദ്യൻ കൂടിയായിരുന്നു രാംദാസ് വൈദ്യർ. ആയുർവേദപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് രാംദാസ് വൈദ്യരുടെ ജനനം.കോഴിക്കോട് ആര്യവൈദ്യവിലാസിനി വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കലൂർ നീലകണ്ഠൻവൈദ്യരുടെ മകൻ.

കേരളത്തിൽ ആദ്യമായി ഒരു “തെങ്ങുകയറ്റ കോളേജ്” സ്ഥാപിച്ചത് വൈദ്യരാണ്. കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജ് ഇതായിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ കോഴിക്കോട് ജില്ലാകളക്ടർ യു.കെ.എസ് ചൗഹാൻ. തെങ്ങിൽകയറിയാണ് ചൗഹാൻ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചൗഹാൻ അന്ന് ഭാര്യാസമേതനായിട്ടാണ് ഉദ്ഘാടനത്തിനെത്തിയത്. ചൗഹാന് തെങ്ങ് കയറാൻ പറ്റുമോയെന്ന് ശങ്കിച്ച് ഭയന്ന് നിലവിളിച്ച ഭാര്യ നന്ദിതയുടെ സാന്നിദ്ധ്യത്തിലാണ് ചൗഹാൻ വിജയകരമായി തെങ്ങുകയറ്റം പൂർത്തിയാക്കി കോളേജ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പലായി തെരഞ്ഞെടുത്തത് നീലഗിരി ലോഡ്ജ് വളപ്പിലും വൈദ്യരുടെ വീട്ടിലും തേങ്ങയിട്ടിരുന്ന പ്രദീപിനെയായിരുന്നു. “പ്രൊ. പ്രദീപ്, പ്രിൻസിപ്പൽ, തെങ്ങ് കയറ്റകോളേജ് ” എന്ന പോസ്റ്റിൽ പ്രദീപിനെ നിയമിച്ച് നെയിംബോർഡും സ്ഥാപിച്ചു. ഏഷണിക്കാരെ പരിഹസിക്കാനായി പരദൂഷണമൽസരം സംഘടിപ്പിച്ചു. മികച്ച പരദൂഷണക്കാരനേയും പരദൂഷണക്കാരിയേയും കണ്ടുപിടിച്ച് വർഷാവർഷം “നാരദർ” അവാർഡ് നൽകി ആദരിച്ചു.

തീറ്റ മൽസരത്തിൽ അക്കാലത്ത് പതിവായി ജയിച്ചിരുന്ന ബീരാൻകോയയെ വടമാലയിട്ട് ആദരിച്ചാണ് വാദ്യഘോഷങ്ങളോടെ സ്വീകരണ സ്ഥലത്തേയ്ക്ക് ആനയിച്ചത്. സാഹിത്യകാരന്മാരുടെ താവളം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട്ടെ നീലഗിരി ലോഡ്ജ് വൈദ്യരുടെ ഉടമസ്ഥതയിലായിരുന്നു. ഇരുപത് മുറികളുള്ള നീലഗിരി ലോഡ്‌ജിന് പറയാനുള്ളത് സാഹിത്യത്തിന്റേയും കലയുടേയും ബന്ധമാണ്. ബഷീറും, തകഴിയും, മലയാറ്റൂരും, ഓ.വി വിജയനും, വി കെ എന്നും, എംടിയും, പൊറ്റക്കാടും, കാക്കനാടനും, പുനത്തിലും, അടൂർ ഗോപാലകൃഷ്ണനും, തിക്കൊടിയനും, സുരാസുവും, സക്കറിയയും, വൈക്കം ചന്ദ്രശേഖരൻ നായരും തുടങ്ങി ഒട്ടനവധി സാഹിത്യകാരന്മാർ തമ്പടിച്ചിരുന്ന ലോഡ്ജാണ് നീലഗിരി. ലളിതാംബിക അന്തർജനത്തിനും ഏറെ പ്രീയപ്പെട്ടയാളായിരുന്നു രാംദാസ് വൈദ്യർ.

“നീലഗിരിയുടെ സഖികളെ” എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത ഒരു മലയാളിയുണ്ടെന്ന് തോന്നുന്നില്ല. വയലാറിന്റെ തൂലികയിൽ നിന്നും ഈ ഗാനം പിറവികൊണ്ടത് വൈദ്യരുടെ നീലഗിരി ലോഡ്ജിൽ വച്ചായിരുന്നു. വയലാർ ‘നീലഗിരി’ യിൽ തുടങ്ങിയ ഗാനം എഴുതിയത് ലോഡ്ജിൻ്റെ പേരിൽ നിന്നാണ്. വേറേയും നിരവധി ഗാനങ്ങൾ വയലാർ നീലഗിരിയിലിരുന്ന് രചിച്ചിട്ടുണ്ട്.

2018 ൽ 100 വർഷം പഴക്കമുള്ള ലോഡ്ജ് പൊളിച്ച് മാറ്റും വരെ വയലാറിന്റെ ചിത്രം ലോഡ്ജിന്റെ വരാന്തയിലുണ്ടായിരുന്നു. വൻകിട ഹോട്ടലുകാർ ഇല്ലാത്ത സുഖ സൗകര്യങ്ങൾ ഉണ്ടാക്കിക്കാണിച്ച് പരസ്യം ചെയ്തിരുന്ന അക്കാലത്ത് നീലഗിരി ലോഡ്‌ജിന്റെ മുന്നിലുണ്ടായിരുന്ന ബോർഡിലെ വാചകം ഇങ്ങനെയായിരുന്നു. “ഫോർ മിസറബിൾ സ്റ്റേ” പിശുക്കിന് പേര് കേട്ട തകഴി നൽകിയ പത്ത് രൂപ നോട്ട് ലോഡ്ജ് കൗണ്ടറിൽ ചില്ലിട്ട് സൂക്ഷിച്ചിരുന്നു. ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്ക് പകരമായി “ടെംപിൾ അറ്റാച്ച്ഡ് ലോഡ്ജ്” ആയിരുന്നു നീലഗിരി ലോഡ്ജ്. ലോഡ്ജ് കോമ്പൗണ്ടിനുള്ളിൽ വളരെ ചെറിയൊരു അമ്പലം ഉണ്ടായിരുന്നു.

വളരെ വ്യത്യസ്ഥമാർന്ന നിരവധി പരിപാടികൾ രാംദാസ് വൈദ്യരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് അരങ്ങേറിയിട്ടുണ്ട്. രാവിലെ അലക്കുകാരുടെ മർദ്ദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചു. ബാംഗ്ലൂരിൽ ലോക സൗന്ദര്യമത്സരം നടന്നപ്പോൾ രാംദാസ് വൈദ്യർ ‘കേരളസാംസ്കാരികവേദി’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ വച്ച് വിരൂപമത്സരം നടത്തി വിരൂപറാണിയെയും വിരൂപരാജനെയും തിരഞ്ഞെടുത്തു. ഈ പരിപാടി റിപ്പോർട്ട് ചെയ്യാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അന്ന് പത്രപ്രതിനിധികൾ എത്തി.വോയ്സ് ഓഫ് അമേരിക്കയിലും, ബിബിസി വേൾഡിലും,ജപ്പാൻ ടിവിയിലും ഇത് വാർത്തയും ചർച്ചാവിഷയവുമായി.

മഴ പെയ്യിക്കാൻ യാഗവും യജ്ഞവും നടത്തുന്നതിനെ പരിഹസിച്ച് “കുക്കുടാണ്ഡ യജ്ഞം” സംഘടിപ്പിച്ചു. യാഗവും യജ്ഞവും കഴമ്പില്ലാത്തതെന്ന് തെളിയിക്കാൻ വിദഗ്ദ്ദരെ അണിനിരത്തി പ്രഭാഷണം നടത്തി. യോഗശേഷം പ്രസാദമായി വിതരണം ചെയ്തത് ചിക്കൻ ബിരിയാണിയായിരുന്നു. “കളകൾ സമരത്തിൽ” എന്നെഴുതിയ ഒരു ബോർഡ് ഒരിക്കൽ ലോഡ്ജിന് മുന്നിൽ തൂക്കി. ബോർഡ് കണ്ട് അന്തം വിട്ടവരോട് വൈദ്യർ പറഞ്ഞു. “പൂന്തോട്ടം വൃത്തിയാക്കുമ്പോൾ പറിച്ചെറിയപ്പെടുന്ന കളകൾ സമരം തുടങ്ങിയതാണ്. പൂന്തോട്ടത്തിൽ നല്ല സ്ഥാനം കിട്ടാനുള്ള സമരം.”

എല്ലാവരും മഹാകവിപ്പട്ടം സ്വയം എടുത്തണിയുമ്പോൾ ഒട്ടും പ്രശസ്തനല്ലാത്ത കണ്ണൻ കൂത്താളി എന്ന കവിയ്ക്ക് മഹാകവി പട്ടം ചാർത്താൻ വലിയ സമ്മേളനം സംഘടിപ്പിച്ചു. മയിൽപ്പീലി വിശറി സമ്മാനിച്ചാണ് കവിയെ ആദരിച്ചത്.

മഞ്ഞപത്ര സംസ്കാരവും, വാർത്ത ചമയ്ക്കലും അന്നും ചെറിയതോതിലെങ്കിലും ഉണ്ടായിരുന്നു. വൈദ്യർക്ക് വേണ്ടപ്പെട്ട ഒരു സുഹൃത്തിനെതിരെ അപവാദം പ്രചരിപ്പിക്കാൻ തുനിഞ്ഞ ഒരു മഞ്ഞപ്പത്രത്തെ പാഠം പഠിപ്പിക്കാൻ പത്രം ഇല്ലാക്കഥയുമായി ഇറങ്ങുമെന്ന് അറിഞ്ഞപാടെ, ആ പത്രത്തിൻ്റെ അതേ പേരിൽ അതേ രൂപകല്പനയിൽ പത്രാധിപരെ കളിയാക്കുന്ന കഥകളുമായി പത്രമടിച്ച് പിറ്റേന്ന് വിതരണം ചെയ്തത് മാദ്ധ്യമ ചരിത്രത്തിലെ ഒരു അപൂർവതയാണ്.

ഭാര്യയുടെ സേവനം ശ്രേഷ്ഠമായികണ്ട് അവർക്ക് പെൻഷൻ നല്കാൻ ഭർത്താക്കന്മാർ ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയും സ്വന്തം പത്നിക്ക് 55 വയസ് തികഞ്ഞപ്പോൾ സേവനം മാനിച്ച് ആജീവനാന്തപെൻഷൻ നല്കിക്കൊണ്ട് മാതൃക കാണിച്ച് പദ്ധതിയുടെ ഉദ്ഘാടനവും നാലാളെ അറിയിച്ച് ചെയ്തു. നിർമ്മലയാണ് വൈദ്യരുടെ സഹധർമ്മിണി.മകൻ ഡോ.മനോജ് കലൂർ. മകൾ മഞ്ജുള കലൂർ.

“എഴുതാത്ത ബഷീർ” എന്നാണ് വൈദ്യരെ വിശേഷിപ്പിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരെല്ലാം വളരെ ആദരവോടെയാണ് വൈദ്യരെ കണ്ടിരുന്നത്. “വൈദ്യർ എഴുതിയിരുന്നുവെങ്കിൽ നമ്മളെല്ലാം കുത്തുപാളയെടുക്കുമായിരുന്നു” എന്ന് വി കെ എൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാംദാസ് വൈദ്യരെ ഓർക്കുന്നതിങ്ങനെ- “രാംദാസ് വൈദ്യർ ഒരു അസാധാരണ മനുഷ്യനായിരുന്നു. സംവിധായകൻ പത്മരാജനാണ് വൈദ്യരെ എനിക്ക് പരിചയപ്പെടുത്തിയത്. ഒന്നിലധികം തവണ എനിക്കായി അദ്ദേഹത്തിൻ്റെ വീട്ടിൽ വിഭവസമൃദ്ധമായ സദ്യയൊരുക്കിയിട്ടുണ്ട്. കുറെ നാവൈദ്യരുടെ ൾ കാണാതിരുന്നാൽ കോഴിക്കോടൻ ഹൽവയുടെ ഒരു വലിയ കഷണം എൻ്റെ വീട്ടിൽ പാഴ്സലായി എത്തുമായിരുന്നു. സത്യസന്ധത, നന്മ, ദാനം എന്നിവയുടെ അതിരുകൾ വികസിപ്പിച്ച അസാന്നിദ്ധ്യം കോഴിക്കോട്ടുകാർക്ക് വലിയ വിടവാണ് സമ്മാനിച്ചത്”

കണ്ണൂർ ആയുർവേദ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ നേടിയാണ് രാംദാസ് വൈദ്യനായത്. ദരിദ്രരായ രോഗികൾക്ക് സൗജന്യ ചികിൽസയാണ് നൽകിയിരുന്നത്. 1998 ൽ രാംദാസ് വൈദ്യർ മൺമറയും വരെ വരെ ഈ നില തുടർന്നു. സമൂഹത്തിലെ എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട് പ്രതികരിച്ചിരുന്ന വൈദ്യരുടെ ഓർമ്മ നിലനിർത്താൻ രാംദാസ് വൈദ്യർ അനുസ്മരണസമിതി വർഷംതോറും സമ്മേളനവും പരദൂഷണംപറച്ചിൽ, കാർട്ടൂൺ മത്സരം തുടങ്ങിയ പരിപാടികളും നടത്താറുണ്ട്. വയലാർ രാമവർമ്മയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരത്തിൽ രാംദാസ് വൈദ്യരെക്കുറിച്ച് ഒരു ശ്ലോകം തന്നെ സമർപ്പിച്ചിട്ടുണ്ട്.

“നീയാം സ്നേഹപയോധരത്തെ-
യൊരു നാളെത്തിപ്പിടിച്ചേൻ-
ഞൊറിഞ്ഞീ യാഗാശ്രമ മൺവിളക്കിനരികിൽ
രാമാംബരം നീർത്തുവാൻ
മായാംഭോധി കടഞ്ഞുയർന്ന കവിതേ,
നീ നിൻ്റെയന്തർമുഖ-
ശ്രീയാലെന്നിൽ രചിച്ച ദിവ്യസുരഭീ-
പുഷ്പങ്ങളോർക്കുന്നു ഞാൻ “

ചെറിയ ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ച് വലിയ പ്രശ്നങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് സമൂഹത്തിലെ തിന്മകളെ ചിരിയിലൂടെയും ചിന്തയിലൂടെയും ചാലിച്ച് ചികിൽസിക്കാൻ വൈദ്യരില്ലാത്തത് ഒരു നഷ്ടം തന്നെയാണ്. ചിരിക്കാനുള്ള നിഷ്ക്കളങ്ക സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണ് രാംദാസ് വൈദ്യരെ ഓർമ്മിക്കാനുള്ള ഏറ്റവും വലിയ സ്മരണാഞ്ജലി.