തിരുവനന്തപുരം: ഡോ. ടി എസ് ശ്യാംകുമാറിനെതിരെ സോഷ്യൽമീഡിയയിൽ വധഭീഷണി മുഴക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ മാനവധർമം കൂട്ടായ്മ. സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ടി എസ് ശ്യാംകുമാറിന്റെ, യുക്തിയിലും ജ്ഞാനത്തിലും സത്യത്തിലും അധിഷ്ഠിതമായ, സാമൂഹിക വിഭജനത്തിനെ എതിർക്കുന്ന, ജാതി-മത സൗഹാർദ്ദത്തെ പ്രോത്സാഹിപ്പക്കുന്ന ശ്രീനാരായണ മാനവധർമത്തിലും ഡോ. ബി.ആർ. അംബേദ്കറിന്റെ തത്ത്വശാസ്ത്രത്തിലും നിലനിൽക്കുന്ന, പ്രഭാഷണങ്ങളും ലേഖനങ്ങളും അഭിമുഖസംഭാഷണങ്ങളും ഉള്ള യൂട്യൂബ് വീഡിയോകളുടെ കമന്റുകളിലും സോഷ്യൽ മീഡിയയിലും സവർണാധിപത്യ തീവ്രവാദികൾ, അസഭ്യവർഷങ്ങളും കടുത്ത അധിക്ഷേപ വാക്യങ്ങളും കൊല്ലുമെന്നുള്ള ഭീഷണിയുമായി രംഗത്തു വന്നിരിക്കുകയാണ്.
ഡോ.ശ്യാമിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനെ ധ്വംസിച്ച് നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. ദലിത് സമുദായാംഗവും അധ്യാപകനും കൂടിയായ ഡോ. ശ്യാംകുമാറി നെതിരെയുള്ള, ഇത്തരം അധിക്ഷേപങ്ങളെയും ഭിഷണികളെയും ശ്രീ നാരായണ മാനവധർമം കൂട്ടായ്മ ശക്തമായി അപലപിക്കുന്നതായി പ്രൊഫ.(ഡോ.) ജി മോഹൻ ഗോപാൽ പറഞ്ഞു.
ഡോ. ശ്യാംകുമാറിന് സുരക്ഷ ഒരുക്കാനും ആക്രമണ ഭീഷണി മുഴക്കിയിട്ടുള്ള ആളുകളെയും സംഘടനകളെയും കണ്ടെത്തി നിയമപരമായ നടപടികൾ ഉടനടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോടും കേരള പോലീസിനോടും ശ്രീനാരായണ മാനവധർമം കൂട്ടായ്മയ്ക്കുവേണ്ടി വി ആർ ജോഷി, സുദേഷ് എം രഘു, അഡ്വ. ടി ആർ രാജേഷ്, ഡോ. അമൽ സി രാജൻ, പി കെ സുധീഷ് ബാബു എന്നിവർ സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു.


