രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭമായിരുന്നു കത്വ കൊലപാതകം. എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം തലക്കടിച്ചു കൊന്നത് ഒരു ഞെട്ടലോടെയല്ലാതെ കേൾക്കാനാവില്ല. കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്താകെ അലയടിക്കുന്നത്. എന്നാൽ ഒരു രാജ്യം മുഴുവൻ ആ പെൺകുട്ടിയുടെ നീതിക്കായി പോരാടുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റൊരു ഉറച്ച ശബ്ദമുണ്ട്. ദീപിക സിംഗ് രജാവത് എന്ന നിയമജ്ഞയുടെ വാക്കുകൾ.മുപ്പത്തെട്ട് വയസ്സുകാരിയായ ദീപിക വക്കീലില്ലെങ്കിൽ ഒരു പക്ഷെ ജമ്മുവിലെ ആസിഫയുടെ ദാരുണ കൊലപാതകവും ,കൂട്ട ബലാൽ സംഗവും വെളിച്ചത്തു വരില്ലായിരുന്നു .
ഭീഷണികൾക്ക് തളർത്താനാവാത്ത ആ നിയമജ്ഞയുടെ വാക്കുകളാണ് പിന്നീട് തീപോലെ രാജ്യത്താകെ അലയടിച്ചത്. ആരുമറിയാതെ തേഞ്ഞുമാഞ്ഞു പോവുമായിരുന്ന ഒരു കേസായിരുന്നു ഇത്. എന്നാൽ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി അവളുടെ കുടുംബത്തിന് വേണ്ടി, വളർന്ന് വരുന്ന ഒരുപാട് പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയിൽ പോരാടുകയായിരുന്നു അവർ. എന്നാൽ കേസ് ഏറ്റെടുത്തതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി ഭീഷണികളാണ് അവർക്ക് നേരിടേണ്ടി വന്നത്.
ജമ്മുകാശ്മീർ ബാർ അസോസിയേഷൻ പ്രസിഡന്റ് ഭൂപിന്ദർ സിംഗ് സലാദിയയുടെയാതായിരുന്നു ആദ്യ ഭീഷണി. കേസിൽ ഹാജരാവരുതെന്നും ഹാജരായാൽ അത് എങ്ങനെ നേരിടണമെന്ന് തങ്ങൾക്ക് അറിയാമെന്നുമായിരുന്നു ഭീഷണി. എന്നാൽ പൊലീസ് പിന്തുണ തേടി പൂർവാധികം ശക്തിയിൽ ദീപിക പോരാട്ടം തുടർന്നു. ഒടുവിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എത്തിയിരിക്കുന്നു ഇതുവരെയുള്ള ദീപികയുടെ പോരാട്ടം

ഭീഷണിപ്പെടുത്തുന്നവരോടും സ്വാധീനിക്കാൻ ശ്രമിക്കുന്നവരോടും ദീപികയ്ക്ക് പറയാനുള്ളത് ഇത്രമാത്രം.
“ഒരു പക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം. എങ്കിലും മരണം വരെ ആ കുഞ്ഞിന്റെ നീതിക്ക് വേണ്ടി എന്റെ നാവ് ശബ്ദിച്ച് കൊണ്ടേയിരിക്കും. കേസ് ഏറ്റെടുത്ത അന്ന് തുടങ്ങിയതാണ് ഭീഷണിയും, അധിക്ഷേപവും, സ്വാധീനിക്കാനുള്ള ശ്രമവും. പക്ഷെ അവസാന ശ്വാസം വരെ എന്റെ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും”.