തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജയം എളുപ്പമല്ല എന്നു ബോധ്യപ്പെട്ടതോടെ യു ഡി എഫ് വ്യാപകമായ കള്ളപ്രചാരണം നടത്തുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച യു ഡി എഫ് വിജയം അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയെന്നും എം വി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി വന്ന അന്നുതന്നെയാണു കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ എ സി മൊയ്തീനെതിരെ നിരന്തരം വാര്‍ത്തകള്‍ ചമയ്ക്കുകയും സുധാകരനെതിരെ മിണ്ടാതിരിക്കുകയും ചെയ്തു.
തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് യുവതിയെ കൊലപ്പെടുത്തി വീട്ടില്‍ കുഴിച്ചിട്ട സംഭവത്തിലും മാധ്യമങ്ങള്‍ ഇതേ രീതി തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസ്സുകാരനായ കൊലയാളിയെ ഡി വൈ എഫ് ഐക്കാരനാക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. സംഘടിതമായ ആക്രമങ്ങള്‍ക്കു മുമ്പില്‍ പതറാതെ കള്ള പ്രചാരണങ്ങളെ നേരിട്ടാണ് എല്‍ ഡി എഫ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

