വേണ്ട വിധത്തിൽ കോടതിയിൽ കേസ് നടത്താതെയും സുപ്രധാന രേഖകൾ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സർക്കാർ ഹാരിസൺ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തൻപുഴയിൽ ഏഴായിരം ഏക്കർ വനഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഹാരിസൺ എസ്റ്റേറ്റിൽ 38,000 ഏക്കർ കൂടി നഷ്ടപ്പെടുത്തുന്നത്. 6000 ഏക്കറുളള പെരുവന്താനം ടി.ആർ ആൻഡ് തോട്ടത്തിന്റെ കാര്യത്തിലും സർക്കാർ കോടതിയിൽ തോറ്റുകൊടുത്തു.
ഹാരിസൺ കേസിൽ യു.ഡി.എഫ് സർക്കാർ കേസ് വളരെ ജാഗ്രതയോടെ നടത്തുകയും സർക്കാരിന് അനുകൂലമായ തരത്തിൽ കേസ് എത്തിക്കുകയും ചെയ്തതാണ്. ഡോ.എം.ജി.രാജമാണിക്യത്തിന്റെ റിപ്പോർട്ടനുസരിച്ച് നടപടികളും എടുത്തു. എന്നാൽ ഇടതു മുന്നണി അധികാരത്തിലേറിയ ശേഷം കേസുകളെല്ലാം അട്ടിമറിച്ചു. കേസ് സമർത്ഥമായി കൈകാര്യം ചെയ്തിരുന്ന സർക്കാർ പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റി. ഭൂമി കേസുകളിൽ തുടർച്ചയായി സർക്കാരിന് തോൽക്കേണ്ടി വരുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.