കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പുറമെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് മോന്‍സന്റെ പേരില്‍ എത്തിയ പണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കെ സുധാകരന്റെ നിലപാട്.


