തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ക്കെതിരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം കൊഴുക്കവെ കെ എസ് യു നേതാവും മുന്‍ സംസ്ഥാന കണ്‍വീനറുമായ അന്‍സില്‍ ജലീലിന്റെ പേരിലുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാലയുടെ കണ്ടെത്തൽ. പരീക്ഷാ കണ്ട്രോളര് ഗോപകുമാര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റിലുള്ള രജിസ്റ്റര്‍ നമ്പര്‍ ബി കോം ബിരുദത്തിന് സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റിലെ വി സിയുടെ ഒപ്പ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലയളവില്‍ ഈ സീരിയല്‍ നമ്പറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിലുണ്ട്. സര്‍വകലാശാല രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്കി.
അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി അന്‍സിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും അന്‍സില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു. വ്യാജ ആരോപണത്തിന്റെ മറവില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുകയാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അന്‍സില്‍ ജലീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


