Tue. Nov 24th, 2026

ആലപ്പുഴ: യു കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.

ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയുടെ തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ സമാനമായ പല പരാതികളുമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഓഫീസ് പൂട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ച് റിക്രൂട്ടിങ് ഏജന്‍സി നടത്തിവന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇടപ്പള്ളിയില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഐ എസ് എച്ച് ഒ. എം കെ രാജേഷ്, എസ് ഐമാരായ പ്രദീപ്, സ്റ്റാന്‍ലി, എസ് സി പി ഒ. റോബിന്‍സണ്‍, ശ്രീരേഖ, ജയസുധ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അമ്പലപ്പുഴ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ബിസിനസില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയില്‍ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാട് പുവത്തൂര്‍ പ്രണവം വീട്ടില്‍ ദീപു (35)നെ യാണ് ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ. എസ് അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ ഡി വൈ എസ് പി. ജയരാജിന്റെ നിര്‍ദേശാനുസ്സരണം രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ എസ് ഐമായ രജിരാജ്, അനു എസ് നായര്‍, ഗിരീഷ് കുമാര്‍, മോഹന്‍ കുമാര്‍, സി പി ഒമാരായ വിപിന്‍ദാസ്, അംബീഷ് എന്നിവരാണുണ്ടായിരുന്നത്.