Mon. Nov 23rd, 2026

തലശ്ശേരി: കണ്ണൂരിലെ ബിസിനസുകാരനെ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി കാറും പണവും ബലമായി തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷനടുത്ത ലോട്ടസ് ക്വാര്‍ട്ടേഴ്‌സിലെ നടമ്മല്‍ ജിതിന്‍ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി യൂത്തിനടുത്ത ശ്രീലക്ഷ്മിയില്‍ അശ്വതി (19), കതിരൂര്‍വേറ്റുമ്മലിലെ കേളോത്ത് വീട്ടില്‍ കെ സുബൈര്‍ (33), മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാംകണ്ടി വീട്ടില്‍ ഷഫ്‌നാസ് (29) എന്നിവരാണ് പിടിയിലായത്.

സുബൈര്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയില്‍ പീടികക്കടുത്ത് വച്ചാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഹണി ട്രാപ്പിലൂടെ ഇവര്‍ കൈക്കലാക്കിയ ആറായിരം രൂപയും കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിയും ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും വാടകക്ക് നല്‍കുന്ന കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ മോഹന്‍ദാസാണ് മുന്‍ പരിചയമുള്ള യുവതിയാല്‍ ചതിക്കപ്പെട്ടത്.


ഓട്ടോ വാടക നല്‍കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ ഉടന്‍ തലശ്ശേരിയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അശ്വതി മധ്യവയസ്‌കനായ ബിസിനസുകാരനെ വിളിക്കുന്നതോടെയാണ് കെണിക്ക് കളമൊരുങ്ങിയത്. പഴയ ബസ് സ്റ്റാന്‍ഡ് ബി ഇ എം പി സ്‌കൂളിനടുത്ത് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ദാസ് സ്വന്തം കാറില്‍ തലശ്ശേരിയിലെത്തി. എന്നാല്‍ പറഞ്ഞ സ്ഥലത്ത് അശ്വതിയെ കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോള്‍ കായ്യത്ത് റോഡിലേക്ക് എത്താന്‍ പറഞ്ഞു. കാര്‍ എം ജി റോഡരികില്‍ നിര്‍ത്തി മോഹന്‍ദാസ് കായ്യത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ അശ്വതിയെ കണ്ടു. കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. കൂടെ കയറാന്‍ അശ്വതി പറഞ്ഞതനുസരിച്ച് ബിസിനസുകാരന്‍ ഓട്ടോയില്‍ കയറിയതോടെ സമീപത്ത് നിന്നും രണ്ട് പേര്‍ ഓടിയെത്തി മോഹന്‍ദാസില്‍ നിന്നും കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി. നേരത്തെ നിര്‍ത്തിയിട്ട സ്ഥലത്ത് നിന്നും കാര്‍ എടുത്തു വന്ന് മോഹന്‍ദാസിനെ സംഘം കാറില്‍ കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി. കാടാച്ചിറ എത്തിയപ്പോള്‍ രജിസ്ട്രാര്‍ ഓഫീസിനടുത്ത് വെച്ചു വാങ്ങിയ കാലി സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിടുവിച്ചു. പിന്നീട് മമ്പറത്ത് മോഹന്‍ദാസിനെ ഇറക്കിവിട്ടു. അഞ്ചു ലക്ഷം രൂപ എത്തിച്ചു തന്നാല്‍ മുദ്രപത്രം തിരിച്ചുനല്‍കുമെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. മമ്പറത്ത് നിന്നും മോഹന്‍ദാസ് തലശ്ശേരിയിലെത്തിയാണ് പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് പോലീസ് സംഘം പുലര്‍ച്ചെയോടെ നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹണി ട്രാപ്പ് സംഘത്തില്‍ ഒരു യുവതി കൂടി ഉള്ളതായി വിവരമുണ്ട്. രണ്ട് മാസം മുമ്പ് വീട്ടില്‍ സൂക്ഷിച്ച ബോംബ് മദ്യലഹരിയിൽ കിടപ്പുമുറിയിലെ ഫാനില്‍ എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായ ജിതിന്‍.