ആലുവ: പൊതുവിടത്തിൽ ഒരു സ്ത്രീയുടെ നേരെ ലിംഗപ്രദർശനം നടത്തുന്ന ഞരമ്പ് രോഗികൾക്ക് സ്വീകരണം ഒരുക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമെന്ന ബഹുമതിയും ഇനി പ്രബുദ്ധകേരളത്തിന് സ്വന്തം. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) സ്വീകരണം. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ശ്രീദേവ് സോമൻ, വട്ടിയൂർക്കാവ് അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊരു മെയിൽ ഷോവനിസ്റ്റ് സംഘടനയുടെ ലേബലിൽ ആയിരുന്നു ഈ കലാപരിപാടി അരങ്ങേറിയത്. മുൻപ് ഒരു ലിംഗ ബലിദാനിയെ സംഭാവന ചെയ്ത കേരളത്തിൽ, ഞരമ്പ് രോഗികളുടെ പൊതുവിടങ്ങളിൽ ലിംഗംപ്രദർശിപ്പിക്കാനുള്ള അവകാശ സംരക്ഷണത്തിന് വേണ്ടി പൊരുതുന്ന നിരവധിപേർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ജാമ്യം ലഭിച്ച് ആലുവ സബ് ജയിലിനു പുറത്ത് വന്നപ്പോഴാണ് സവാദിനു സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. തൃശൂർ സ്വദേശിനിയായ നന്ദിതയ്ക്കാണ് ദുരനുഭവുമുണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സവാദിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത.
സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്.മൂന്ന് പേർക്ക് ഇരിക്കാവുന്ന, സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യുവതിക്കുമിടയിലാണ് സവാദ് ഇരുന്നത്. ബസെടുത്തതോടെ അയാൾ തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ ഡ്രൈവറും കണ്ടക്‌ടറും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.


