Tue. Nov 24th, 2026

ചന്ദ്രപ്രകാശ്.എസ്.എസ്

മേയ് 24 പണ്ഡിറ്റ് കറുപ്പൻ്റെ ജന്മദിനമാണ്. അതോടനുബന്ധിച്ച് മേയ് 28ന് അദ്ദേഹത്തിൻ്റെ നാമധേയത്തിൽ ഒരു പുരസ്ക്കാരം നടൻ സുരേഷ് ഗോപിയ്ക്ക് നൽകുന്ന കാര്യത്തിൽ വലിയ സോഷ്യൽ മീഡിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. പുരസ്ക്കാരം നൽകുന്നത് ‘പണ്ഡിറ്റ് കറുപ്പൻ വിചാരവേദി’യാണ്. ഇതൊരു സംഘപരിവാർ അനുകൂല സംഘടനയാണ്. അവർ ഏർപ്പെടുത്തിയ ഒരു പുരസ്കാരം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പോലെ, ആ സംഘടന അവർക്ക് ഇഷ്ടമുള്ളവർക്ക് നൽകും. അതിൻ്റെ മാനദണ്ഡത്തെപ്പറ്റിയൊന്നും ചോദിക്കരുത്. പത്താമത് പുരസ്ക്കാരമാണിത് എന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ ഒൻപത് തവണയും ഈ പുരസ്ക്കാരം വാങ്ങിയത് സംഘപരിവാർ അനുകൂലികൾ മാത്രമാണ്. നേരത്തെ പുരസ്‌ക്കാരം ലഭിച്ചവരിൽ അമൃതാനന്ദമയിയും, ചിദാനന്ദപുരിയുമൊക്കെയുണ്ട്. സുരേഷ് ഗോപിയ്ക്ക് ഇക്കുറി പുരസ്ക്കാരം നൽകുന്നത് വലിയ അതിശയമല്ല.

അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കാൻ പൂജയും, നേർച്ചവഴിപാടുകളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശൂദ്രന് ഈ ജന്മത്തിൽ തന്നെ ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്നു എന്ന് കരുതിയാൽ മതി. തനിക്ക് താല്പര്യമില്ലാത്ത പ്രസ്ഥാനങ്ങളേയും, അവർ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളേയും ശപിച്ചും, അസഭ്യവാക്കുകൾ മൊഴിഞ്ഞും, മുടിഞ്ഞു പോട്ടേയെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ സദ് വാക്യങ്ങൾ കേരളീയർ പലവട്ടം കേട്ടതാണ്. അവാർഡ് നൽകുന്ന സംഘടനയുടെ സ്വഭാവരീതി വച്ച് കേരളത്തിൽ ഇന്ന് സുരേഷ്ഗോപിയ്ക്കല്ലാതെ ആർക്കാണ് ഈ പരിവാർ സംഘടന അവാർഡ് നൽകേണ്ടത് ? ഈ ഭൂമിമലയാളത്തിൽ സുരേഷ് ഗോപിയല്ലാതെ ഈ അവാർഡിന് ആരാണ് അർഹൻ?


ഇങ്ങനെയൊരു അവാർഡ് നൽകാൻ ആ സംഘടനയ്ക്കും വാങ്ങാൻ സുരേഷ് ഗോപിക്കും അവകാശമുണ്ടെങ്കിലും ഈ വിഷയം അത്ര ലളിതമല്ല. മഹാത്മാഗാന്ധിയുടെ പേരിലുള്ള ഒരു അവാർഡ്‌ ‘തൂക്കാനന്തര’ ബഹുമതിയായി ഗോഡ്സേക്ക് നൽകുന്നപോലെ അശ്ലീലമാണ് പണ്ഡിറ്റ് കറുപ്പൻ്റെ പേരിൽ നടക്കുന്ന ഈ കൊടുക്കൽ വാങ്ങൽ.

കേരളത്തിലെ ദളിത്-പിന്നോക്ക-മതേതര ബിംബങ്ങളെ കൈപ്പിടിയിലൊതുക്കാൻ ഇത്തരക്കാരായ മനുവാദികൾ ശ്രമമാരംഭിച്ചിട്ട് വർഷങ്ങളായി. പലതും അവർ ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ എത്തിയില്ലെന്ന് മാത്രം.വൈകുണ്ഠസ്വാമികളുടെ പേരിൽ സംഘടനയുണ്ടാക്കിയവർ പിൽക്കാലത്ത് ആ സംഘടനയെ ആരുടെ തൊഴുത്തിലാണ് കെട്ടിയത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഇതുപോലെ ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഗുരുവിനെ ബ്രാഹ്മണ വൽക്കരിക്കാനും ഗുരുചിന്തകൾ ഹിന്ദുത്വ ചിന്തകളാക്കി മാറ്റാനും നടത്തിയ ഹീനശ്രമങ്ങൾ മലയാളിക്ക് ബോദ്ധ്യമുള്ളതാണ്. അത്തരത്തിൽ ഒരു ശ്രമമാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പണ്ഡിറ്റ് കറുപ്പൻ്റെ കാര്യത്തിലും നടക്കുന്നത്.

പണ്ഡിറ്റ് കറുപ്പൻ്റെ ആദർശങ്ങളും, കാലടിപ്പാടുകളുമല്ല വിചാരവേദി പിന്തുടരുന്നത് എന്ന കാര്യം പകൽപോലെ വ്യക്തമാണ്. ചരിത്രത്തെ വളച്ചൊടിച്ചും, തമസ്ക്കരിച്ചും നവചരിത്ര നിർമ്മിതികൾ നടക്കുന്ന വർത്തമാന കാലത്ത് പണ്ഡിറ്റ് കറുപ്പനെ വെളുപ്പനാക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അങ്ങേയറ്റം ഹീനമാണ്.


കറുപ്പൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഇതുപോലെ നിരവധി അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചിട്ടുണ്ട്. കുറെയധികം കേരളീയർ സ്വദേശാഭിമാനി എന്ന് വിളിക്കുന്ന ഒരു ജാതിവെറിയൻ രാമകൃഷ്ണപിള്ള കറുപ്പനെതിരെ പ്രയോഗിച്ച ഹീനമായ കാളകൂടവിഷം ചരിത്രവിദ്യാർത്ഥികൾക്ക് അറിവുള്ളതാണ്. അത്തരക്കാരെ വരെ നേരിട്ട ധീരനായ യോദ്ധാവാണ് പണ്ഡിറ്റ് കറുപ്പൻ.

“ഇക്കാണും ലോകങ്ങളീശ്വരൻ്റെ
മക്കളാണെല്ലാമൊരു ജാതി,
നീക്കി നിർത്താമോ സമസൃഷ്ടിയെ
ദൈവം നോക്കിയിരിപ്പില്ലേ യോഗപ്പെണ്ണേ തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ “
എല്ലാ മനുഷ്യരും ഈശ്വരൻ്റെ മക്കളാണെന്നും തീണ്ടലിൻ്റേയും തൊടീലിൻ്റേയും പേരിൽ സമസൃഷ്ടിയെ നീക്കി നിറുത്തുന്നത് ധിക്കാരമാണെന്നും ഉദ്ഘോഷിച്ച മഹാനാണ് പണ്ഡിറ്റ് കറുപ്പൻ.

ഇത്തരത്തിൽ ചിന്തിക്കുകയും, എഴുതുകയും, ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുകയും ചെയ്ത ഒരു മഹാൻ്റെ പേരിലുള്ള പുരസ്ക്കാരമാണിത്. ആ പുരസ്ക്കാരമാണ് അടുത്ത ജന്മം ശബരിമല തന്ത്രിയാകാൻ കാത്തിരിക്കുന്ന ഒരാളിന് നൽകി ‘ആദരി’ക്കുന്നത്. വർത്തമാനകാലത്ത് ഇതുപോലെ എത്രയെത്ര അശ്ലീലങ്ങൾക്കാണ് നാം സാക്ഷിയാകേണ്ടത് ?

കേരള നവോത്ഥാന ചരിത്രത്തിലെ പ്രമുഖരിൽ പ്രമുഖനാണ് പണ്ഡിറ്റ് കറുപ്പൻ. കവി, നാടകകൃത്ത്, ഭാഷാ പണ്ഡിതൻ തുടങ്ങി പണ്ഡിറ്റ് കറുപ്പൻ്റെ സ്പർശമേൽക്കാത്ത മേഖലകൾ വളരെ കുറവാണ്. കേരളത്തിൽ കൊടികുത്തിവാണ ജാതി വ്യവസ്ഥയോട് നിരന്തരം പോരടിച്ചും, കലഹിച്ചും നിന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ. കൊച്ചിയിൽ നടന്ന ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനത്തിൻ്റെ മുൻനിരയിൽ പ്രവർത്തിച്ച്,
അരയ സമാജവും പുലയ മഹാസഭയും രൂപികരിച്ച്, സമൂഹത്തിലെ അധ:സ്ഥിതരായ അയിത്ത ജാതി വിഭാഗങ്ങളോട്, ‘സംഘടിച്ചു നിൽക്കണം’ എന്ന വലിയൊരു ബോധത്തിലേക്ക് അവരെ വഴിതിരിച്ചുവിട്ടയാൾ. അങ്ങനെയുള്ള പണ്ഡിറ്റ് കെ.പി കറുപ്പൻ എന്ന ചരിത്ര പുരുഷൻ്റെ പേരിൽ നൽകുന്ന ഒരു അവാർഡാണ് ഇതെന്ന് ഓർക്കണം.


അറുബോറൻ ബ്രാഹ്മണിക്കൽ ചിന്താഗതിക്കാരനും, അന്ധവിശ്വാസ പ്രചാരകനും ആയ സുരേഷ് ഗോപി എന്ന വ്യക്തി പുരോഗമന-സാംസ്ക്കാരിക കേരളത്തിന് ചേരാത്തവണ്ണം ആഭാസ പ്രസംഗങ്ങൾ നിരവധി തവണ നടത്തിയ ആളാണ്. അത് മതത്തിൻ്റെ പേരിൽ മാത്രമല്ല, ജാതിയുടെയും ഉപജാതിയുടേയും പേരിൽ വരെ ഉണ്ടായി എന്നത് നാണക്കേടാണ്.

ഈ അവാർഡ് നൽകുന്ന ‘പണ്ഡിറ്റ് കറുപ്പൻ വിചാരവേദി’ എന്ന സംഘടനയ്ക്ക്, പണ്ഡിറ്റ്‌ കറുപ്പൻ്റെ ത്യാഗോജ്വലമായ സമര ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടെങ്കിൽ തന്നെ അവരത് മൂടിവെച്ച്, മുഖാവരണമിട്ട് കാര്യസാദ്ധ്യങ്ങൾക്കായി നിലകൊള്ളുന്നു എന്ന് വ്യക്തം. അവാർഡ് ദാനക്കാർ കറുപ്പനെപ്പറ്റി ഗാഢമായി എന്തെങ്കിലും പഠിക്കാനോ, മനസ്സിലാക്കാനോ ഇതുവരെ ശ്രമിച്ചിട്ടുണ്ടാകാനും വഴിയില്ല. ഉണ്ടായിരുന്നെങ്കിൽ ഇത്തരം ഒരു മഹാ അപരാധം കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ നടത്തില്ലായിരുന്നു. ആത്മവഞ്ചനയുടെ കൊടിക്കൂറ പേറുന്ന ഇവർ പണ്ഡിറ്റ് കറുപ്പനെയും, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ ചരിത്രത്തേയും വിസ്മരിക്കുകയും, അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണിപ്പോൾ.

ജാതിക്കുമ്മിയെന്ന കവിതയും, ബാലാകലേശം എന്ന നാടകവും മാത്രം മതി പണ്ഡിറ്റ് കറുപ്പനെ അറിയാൻ. ഈ ബാലാകലേശത്തെയാണ് സുരേഷ് ഗോപിയുടെ മുൻ തലമുറക്കാരൻ രാമകൃഷ്ണപിള്ള വാലാകലേശം എന്ന് വിളിച്ച് ആക്ഷേപിച്ചത്. (ധീവരർക്ക് വാലൻ എന്നും വിളിപ്പേരുണ്ട്)


ശങ്കരാചാര്യർ കുളി കഴിഞ്ഞ് വരുന്ന മാർഗ്ഗമദ്ധ്യേ കണ്ട ഭാര്യാ സമേതനായ ചണ്ഡാളനോട് നടത്തിയ മാറിപ്പോടാ എന്ന ആട്ടിനും,തുപ്പിനും ആക്രോശത്തിനും പണ്ഡിറ്റ് കറുപ്പൻ ജാതിക്കുമ്മിയിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്.
“ആട്ടിയ നേരത്തു ചണ്ഡാളൻ
മട്ടൊന്നുമാറി മുഖം കറുത്തു
പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ
വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ ! – ഇതു
മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ ! ”
എന്ന്.തുടർന്ന് താൻ ബ്രാഹ്മണനാണ്, ദ്വിജനാണ് എന്നു പറഞ്ഞ ശങ്കരാചാര്യരോട്
“രണ്ടു ജന്മത്താൽ ദ്വിജനങ്ങുന്നു
രണ്ടല്ല ഞാൻ നൂറുകോടി ജനാം
ഇണ്ടലല്ലേ ജനി? സാവിത്രി പെറ്റോർക്കു
തീണ്ടലില്ലാ പിന്നെ യോഗപ്പെണ്ണെ!- നമ്മൾ
രണ്ടുപേരും ദ്വിജർ ജ്ഞാനപ്പെണ്ണെ!”
എന്നാണ്.

ജാതി ഉച്ച നീചത്വങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കുകയും കവിതിലകനെന്നും, പണ്ഡിറ്റെന്നും, കേരളാ ലിങ്കൻ എന്നുമൊക്കെ അറിയപ്പെട്ട കരുത്തനായ സംഘാടകനും മഹാനായ നവോത്ഥാന നായകനുമാണ് പണ്ഡിറ്റ് കറുപ്പൻ. ജീവതം മുഴവൻ അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രക്ഷോഭങ്ങൾ മാത്രമല്ല, സംഘടനകൾ രൂപീകരിച്ചും, സാഹിത്യ രചന നടത്തിയും അധസ്ഥിതർക്ക് കൈത്താങ്ങായ മഹാൻ. വിചാരവേദിയുടെ സംഘാടകരിൽ ഭൂരിഭാഗവും ദളിത്-പിന്നോക്ക വിഭാഗക്കാരാണെന്ന് അറിയുന്നു. എറണാകുളം നഗരത്തിൽ ഒരു കാലത്ത് പ്രവേശനം പോലും നിഷേധിക്കപ്പെട്ട ഈ വിഭാഗത്തിന് നഗരത്തിൽ പ്രവേശിക്കാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല. ഇത്തരം ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും, നിന്ദിക്കുന്നതിനും എതിരെ ശക്തമായ പോരാട്ടം നടത്തേണ്ട കാലമാണ് ഇനിയുള്ളത്.