തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണു തീരുമാനം. ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലെന്നും വിശദ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ പൗരന്മാര്ക്ക് വിശ്വസിച്ച് നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നതാണ് തീരുമാനം. രാജ്യത്തെ സാമ്പത്തികരംഗത്തെ തീരുമാനങ്ങൾ സ്ഥിരതയില്ലാത്തതും തോന്നുന്ന മാനസിക വ്യാപാരങ്ങൾക്ക് അനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമായി മാറി. എപ്പോഴാണ് കയ്യിലുള്ള ഏത് നോട്ടുകളും അസാധുവാക്കുന്നത് എന്നറിയാൻ പറ്റാത്ത, ആശങ്കയുടെ മുൾമുനയിൽ നിര്‍ത്തുന്ന സാമ്പത്തിക നയമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് യു ഡി എഫ് മൗനം പാലിക്കുകയാണ്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുകയാണ്. വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയതിനാല്‍ വി ഡി സതീശന് തലയില്‍ മുണ്ടിടാതെ നടക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചാണ് നടക്കുന്നത്.
ഏഴു വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഇടതു മുന്നണിയുടെ സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിക്കാനായ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം അര്‍ഥമില്ലാത്തതും നിരാശ കൊണ്ടുള്ള സമരവും ആണെന്നും അദ്ദേഹം പറഞ്ഞു.


