കോട്ടയം: വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പൊൻകുന്നം ചാമംപതാലിലാണ് സംഭവം. ചേർപ്പുത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജ്(60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഡാർളിയെ (52) ഗുരുതര പരിക്കുകളോടെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ വൈക്കോൽ നൽകിയശേഷം മാറ്റിക്കെട്ടാൻ ശ്രമിക്കുമ്പോഴാണ് റെജിയെ ആക്രമിച്ചത്. റെജിയുടെ നിലവിളി കേട്ട് രക്ഷിക്കാൻ എത്തിയപ്പോഴാണ് ഡാർളിക്ക് കുത്തേറ്റത്.ഡാർലിയുടെ കാലിലാണ് കുത്തേറ്റത്.ഇവരുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ, റെജിയുടെ ജീവൻ രക്ഷിക്കാനില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മകൾ കാനഡയിലായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വർഷങ്ങളായി പോത്തുകളെയും കാളകളെയും വളർത്തിവന്നിരുന്ന ആളാണ് റജി. ആക്രമണം നടത്തിയ കാളയെ കുറച്ചുനാൾ മുമ്പാണ് റെജി വാങ്ങിയത്.അതേസമയം,കാളയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.


