കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ. മമ്മൂട്ടി, ദുൽഖർ, മനോജ് കെ ജയൻ, ജയസൂര്യ, മുക്ത, എം ജി ശ്രീകുമാർ, കുഞ്ചൻ, മുകേഷ്, ഇടവേള ബാബു, വിനീത്, ജോഷി, ബീന ആന്റണി, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ, സായി കുമാർ, ബിന്ദു പണിക്കർ, മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
പതിനൊന്നുമണിയോടെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. പന്ത്രണ്ട് മണി മുതൽ മൂന്ന് വരെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന് മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. മാർച്ച് രണ്ടിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് ചികിത്സയിലായിരുന്ന ഇന്നസെന്റിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു.
വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന ഇന്നസെന്റിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ചികിത്സിക്കുന്ന കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാൽ ജീവൻ നിലനിറുത്തിയിരുന്ന എക്സ്ട്രാകോർപ്പറിയൽ മെമ്പറൻസ് ഓക്‌സിജനേഷൻ (ഇ.സി.എം.ഒ) സംവിധാനം നീക്കാൻ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.


