Fri. Apr 19th, 2024

കൊച്ചി: ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ രോഗം മടങ്ങി വന്നതല്ലെന്ന് ഡോ. വി പി ഗംഗാധരൻ. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് തവണ അർബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികൾക്കും പകർന്ന വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. അതിനിടയിലാണ് ക്യാൻസർ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരൻ അറിയിച്ചത്.

കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ (75) അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രൽ ദേവാലയത്തിൽ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ദ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാർത്ത അറിയിച്ചത്.


നേരത്തെ മന്ത്രി സജി ചെറിയാനും ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വയ്ക്കും,​ ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.