Mon. Nov 23rd, 2026

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിൽ ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്‍ (53) കുഴഞ്ഞ് വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളില്‍ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരൻ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും.


ശനിയാഴ്ച രാത്രി 9.40 ഓടെയാണ് സ്റ്റേഷനിൽ അദ്ദേഹം കുഴഞ്ഞുവീണത്. വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും ഇരുചക്ര വാഹനം മുന്നോട്ടുകൊണ്ടുപോയി നിർത്തിയതിനെ തുടർന്ന് മനോഹരനെ എസ് ഐ മുഖത്തടിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായിട്ടും പൊലീസ് ജീപ്പിൽ വലിച്ചുകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മുഖത്തടിയേറ്റ പാടുണ്ട്. മനോഹരനെ അടിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത എസ് ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോലീസ് അടിച്ചതായി ദൃക്സാക്ഷികളും പറയുന്നു. മനോഹരൻ്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.