Sun. Nov 22nd, 2026

കൊച്ചി: ബുധനാഴ്ചയ്ക്കകം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടാനും കോടതി ആവശ്യപ്പെട്ടു. അതേസമയം, ബുധനാഴ്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു.

സ്ഥാപനം പൂട്ടിയാൽ 26ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. എന്നാൽ യാത്രക്കാർ മറ്റ് വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതിയായിട്ടും കെഎസ്ആർടിസി ജീവനക്കാ‌ർക്ക് ശമ്പളം ലഭിച്ചിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബഡ്ജറ്റ് മാസത്തിൽ ധനവകുപ്പ് 30 കോടി മാത്രമാണ് അനുവദിച്ചത്.

അതിനിടെ, കെഎസ്ആർടിസിയ്ക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും, ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കും അതെന്നും മന്ത്രി പറ‌ഞ്ഞു.