Sun. Nov 22nd, 2026

ന്യൂഡൽഹി: നാലായിരം കോടി രൂപയുടെ ബാദ്ധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിട്ട് ഒരു തുക പോലും കുറയ്ക്കാൻ തയ്യാറാകാത്ത ഉറപ്പും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങളുടെ മുന്നിൽ പലവട്ടം അദ്ദേഹം തോറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ പിടിവാശികളും ജനങ്ങൾ വകവച്ചുകൊടുത്തിട്ടില്ലെന്നും കെ സുധാകരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി, സ്പ്രിംഗ്ളർ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണെന്ന് സുധാകരൻ വ്യക്തമാക്കി. യു ഡി എഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഈ ഏകാധിപതിയെ മുട്ടുകുത്തിക്കാൻ സഹായിച്ചത്. ജനങ്ങളുടെ മേൽ ബഡ്‌ജറ്റിൽ അടിച്ചേൽപ്പിച്ച നികുതിഭാരം പിണറായി വിജയന് പിൻവലിക്കേണ്ടിവരും. ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസും യുഡിഎഫും സമരമുഖത്തുണ്ടാവും.


സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണ്. പിണറായി വിജയൻ 2000ത്തിൽ പറഞ്ഞതുപോലെ ഒരാൾ പോലും വർദ്ധിപ്പിച്ച നികുതി അടയ്ക്കരുത്. അവർക്കെതിരെ നടപടി വന്നാൽ കോൺഗ്രസ് അവരെ സംരക്ഷിക്കും. സർക്കാരിനും പാർട്ടിക്കാർക്കും അഴിമതിക്കും ആഡംബരത്തിനുമാണ് ജനങ്ങളിൽ നിന്ന് കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.