Sat. Nov 21st, 2026

ന്യൂഡൽഹി: ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. തികച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്നതും വിലയില്ലാത്തതുമായ ഹ‌ർജിയെന്നാണ് ഇത് തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവർ പറഞ്ഞത്.

ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്. ഹ‌ർജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതെങ്ങനെ വാദിക്കുമെന്ന് അഭിഭാഷകയോട് ചോദിച്ചു. എന്നാൽ ഹ‌ർജി കേൾക്കണമെന്ന അഭിഭാഷകയുടെ അഭ്യർത്ഥന കോടതി അംഗീകരിക്കുകയായിരുന്നു.


രാജ്യത്തെ അപകീർത്തിപ്പെടുത്താൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ പിങ്കി ആനന്ദ് സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ സുപ്രീം കോടതി ഹർജി പൂർണമായും തള്ളുകയായിരുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജനുവരി രണ്ടാം വാരവും രണ്ടാം ഭാഗം ജനുവരി 24നുമാണ് റിലീസ് ചെയ്തത്. ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നത് തടയാൻ കേന്ദ്രം ട്വിറ്ററിനും യൂട്യുബിനും നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയൽ ചിന്താഗതികളെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണം എന്നാണ് വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. രാജ്യത്തൊട്ടാകെ ഡോക്യുമെന്ററി വിവാദം ഉയർന്നതോടെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പലഭാഗങ്ങളിലായി പ്രദർശനം നടത്തിയിരുന്നു.