ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിടുന്നതും കാത്തിരിക്കുകയാണ് ട്രോളന്മാര്. സുരേന്ദ്രന്റെ പല പോസ്റ്റുകളിലും മണ്ടത്തരങ്ങള്‍ കടന്നുവരികയും അതില്‍ ട്രോളന്മാര് പൊങ്കാല നടത്താറുമുണ്ട്. ഏറ്റവുമൊടുവില്‍ പിണറായി വിജയനെ പരിഹസിച്ചിട്ട പോസ്റ്റാണ് സുരേന്ദ്രന് വിനയായിരിക്കുന്നത്. ചലച്ചിത്ര നടന് ശശി കലിംഗയുടെ ചിത്രം പിണറായി വിജയന്റെ മുഖത്ത് സൂപ്പര്‍ ഇംപോസ് ചെയ്താണ് ഫോട്ടോ ഉണ്ടാക്കിയത്. ട്രോളും ട്രോളും ട്രോളും എന്ന് മാത്രം കുറിച്ചാണ് സുരേന്ദ്രന്റെ പോസ്റ്റ്. എന്നാല്‍ സുരേന്ദ്രന് പറ്റിയ അമളി എന്താണെന്ന് അദ്ദേഹത്തിനുപോലും മനസിലായിട്ടില്ല എന്നാണ് തോന്നുന്നത്.
‘മുഖ്യമന്ത്രിയെ ട്രോളരുത്’ എന്ന ഒരു ചാനലിന്റെ ഫ്ളാഷ് ന്യൂസിന്റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്. എന്നാല്‍ വാര്‍ത്ത ഒരു വര്‍ഷം മുമ്പുള്ളതായിരുന്നു. മുഖ്യമന്ത്രിയോ ട്രോളിയാല്‍ ശിക്ഷ ലഭിക്കും എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനു വിശദീകരണവുമായി പൊലീസ് ഹൈടെക് സെല്‍ തന്നെ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ അവിടെ അവസാനിച്ചപ്പോഴാണ് കാലം തെറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റിനു താഴെ നൂറുകണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
