Tue. Aug 18th, 2026

കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനെത്തി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. പ്രസംഗത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലരെ ഐഷി രൂക്ഷമായി വിമര്‍ശിച്ചു. എസ്എഫ്ഐ ആര്‍എസ്എസിനെ എതിര്‍ക്കുന്നതിനിലാണ് പരിപാടിക്ക് അനുമതി നല്‍കാതിരുന്നതെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പരിപാടി നടക്കുന്നത് ആര്‍എസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല. കാമ്പസിലാണ്. വൈസ് ചാന്‍സലറെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും ഐഷി വ്യക്തമാക്കി.

ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിനായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചത്. പരിപാടി നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ ഹാള്‍ അനുവദിക്കില്ലെന്നായിരുന്നു ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ക്യാമ്പസ് ഡയറക്ടര്‍ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരുന്നുവെന്നും ഐഷി ഘോഷാണ് പരിപാടിയിലെ മുഖ്യാതിഥി എന്ന കാരണത്താലാണ് വൈസ് ചാന്‍സിലര്‍ അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്ഐ ആരോപണം. തുടര്‍ന്ന് സര്‍വ്വകലാശാല വിലക്ക് മറികടന്ന് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.



 

Leave a Reply