Sat. Oct 17th, 2026

കൊച്ചി: പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യൂ തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കുടുങ്ങിയത്. ഇയാളോടൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.

എളമക്കര സ്വദേശിയിൽ നിന്നാണ് ഏജന്റുമാർ മുഖേന പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൃഷി ഭൂമി പുരയിടമാക്കി രേഖകൾ നൽകുന്നതിനായി സ്വന്തം സഹായിയെക്കൊണ്ട് തന്നെ വ്യാജ പരാതി കൊടുപ്പിച്ച ശേഷമാണ് തഹസിൽദാർ ഈ തുക ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതൽ പുരയിടം എന്ന നിലയിൽ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു ഇത്. എന്നാൽ വിൽപനയ്ക്ക് ശ്രമിച്ചപ്പോൾ കൃഷി ഭൂമിയാണെന്ന് വ്യക്തമാവുകയും, കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി ജോസഫ് ആന്റണിയുടെ സഹായി തന്നെ പരാതി നൽകുകയുമായിരുന്നു.

പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം ഉടമ ജോസഫ് ആന്റണിയെ നേരിൽ സമീപിച്ചപ്പോഴാണ് പരാതിക്കാരനുമായുള്ള ഒത്തുതീർപ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ മാറ്റി നൽകാനും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നൽകിയത്. കടവന്ത്രയിൽ വെച്ച് ഈ തുക വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ജോസഫ് ആന്റണിയെയും ഏജന്റുമാരെയും പിടികൂടിയത്.