ന്യൂഡല്ഹി: രാജ്യത്ത് ദലിതര്ക്ക് ഒരു സ്ഥാനവുമില്ലെന്നും മതത്തിന്റെ പേരില് ഹിന്ദുത്വ സംഘടനകള് എല്ലാവരെയും ഭിന്നിപ്പിക്കുകയാണെന്നും കോണ്ഗ്രസ് ദേശീയാധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില് തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവത്തില് രാജ്യസഭയില് രൂക്ഷമായി വിമര്ശിക്കുകയായിരുന്നു ഖാര്ഗെ.
കഴിഞ്ഞ ശനിയാഴ്ച ഹാല്ദ്വാനിയിലെ രാംലീല മൈതാനത്ത് ഖാര്ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിനുശേഷം തിങ്കളാഴ്ച ശ്രീരാമ സേന ശുദ്ധികലശം നടത്തിയിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാല് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ ഇന്നാണ് ഖാര്ഗെ വിഷയം രാജ്യസഭയില് ഉന്നയിച്ചത്.

രാംലീല മൈതാനി എല്ലാ പാര്ട്ടികളും പൊതുയോഗങ്ങള്ക്കായി ഉപയോഗിക്കുന്ന വേദിയാണെന്ന് ഖാര്ഗെ പറഞ്ഞു. എന്നാല് അവര് ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണ്. അവര് രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികള് തമ്മില് സംഘര്ഷം ഉണ്ടാക്കാനുമാണ് പ്രവര്ത്തിക്കുന്നത്. രാംലീല മൈതാനിയില് എന്നെ കേള്ക്കാന് ലക്ഷക്കണക്കിന് ആളുകള് ഉണ്ടായിരുന്നു. ആ സമയത്ത് ഞാന് ഒരു സമുദായത്തിന്റെയും മതത്തിന്റെയും പേര് പരാമര്ശിച്ചിരുന്നില്ല. സര്ക്കാരിന്റെ വിഷയങ്ങള് മാത്രമാണ് അവിടെ സംസാരിച്ചതെന്നും ഖാര്ഗെ കൂട്ടിച്ചേര്ത്തു.
അതേസമയം, സംഭവം ദൗര്ഭാഗ്യകരമാണെന്നും ബിജെപി അംഗങ്ങള്ക്ക് ഇതില് പങ്കില്ലെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു. വിഷയത്തില് അന്വേഷണം നടത്തുമെന്ന് നദ്ദ ഉറപ്പുനല്കി. ശ്രീരാമ സേന ബിജെപിയുമായി ബന്ധമുള്ള സംഘടനയാണെന്ന് ഉത്തരാഖണ്ഡ് കോണ്ഗ്രസ് അധ്യക്ഷന് ഗണേഷ് ഗോഡിയാല് പറഞ്ഞു. എന്നാല് ഈ ആരോപണം ബിജെപി നിഷേധിച്ചു.


