തിരുവനന്തപുരം: ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 10 വര്‍ഷം പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അവര്‍ ഭരിച്ചപ്പോള്‍ ലഹരിക്ക് തടയിടാന്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ അത് ചെയ്യുന്നവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രതികള്‍ക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ല. അറസ്റ്റിലാകുന്നവര്‍ക്ക് താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുണ്ടെങ്കിലും അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ആരാണെങ്കിലും അവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അതില്‍ രാഷ്ട്രീയം നോക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലരുമായും ഫോട്ടോയെടുക്കും. ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ വലിയ അളവില്‍ രാസ ലഹരിയുമായി പിടിയിലായി. പിന്നാലെ ഒപ്പറേഷന്‍ തൂഫാന്‍ പിന്നോട്ട് പോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ വിമര്‍ശനം.
വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്താ കാര്‍ഡുകളും ലിങ്കുകളും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതില്‍ പോലീസിന് പങ്കുണ്ടെന്ന ആരോപണവും ചെന്നിത്തല നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലിങ്കുകള്‍ റിമൂവ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ല. പോലീസ് അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൂഫാന്‍ നോഡല്‍ ഓഫിസറെ മാറ്റിയ വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഒന്നര മാസം അവധി എടുത്തതിനാലാണ് പുതിയ ആളെ നിയോഗിച്ചതെന്നാണ് ചെന്നിത്തല നല്‍കിയ വിശദീകരണം. പുട്ട വിമലാദിത്യ ആന്ധ്രയിലേക്ക് പോയിരിക്കുകയാണെന്നും തിരികെ വന്നാല്‍ അദ്ദേഹം തന്നെ നോഡല്‍ ഓഫീസറായി തുടരുമെന്നും മന്ത്രി പറഞ്ഞു.

