Sun. Jul 26th, 2026

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് അമുസ്‌ളീങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നീങ്ങുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.

വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റ് മതസ്ഥര്‍ ഇടപെടുന്നത് ശരിയല്ല. ഇതിനെതിരായ സമീപനമാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മുസ്‌ളീം വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധനമാണ് വഖഫ് ബോര്‍ഡ്. മാനേജ്മെന്റില്‍ അമുസ്‌ളീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതാണ് നിയമഭേദഗതിയിലൂടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇന്ന് മുസ്‌ളീങ്ങളാണ് ഇത്തരം നടപടി നേരിടുന്നതെങ്കില്‍ നാളെ മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിലും അവര്‍ ഇതേ നടപടി സ്വീകരിക്കും.

ഇത്തരം നടപടികള്‍ രാജ്യത്തെ മതനിരപേക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സര്‍ക്കാരും ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെതിരെ യുഡിഎഫും ആശങ്ക പ്രകടപ്പിച്ചിരുന്നു. എന്നാല്‍ ആ നിയമം വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കാനാണ് ഞങ്ങള്‍ തയ്യാറാകുന്നതെന്നാണ് കേരള ഹൈക്കോടതിയില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയത്.വഖഫുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായ നിലപാടെടുത്തിരുന്നു. ഈ നിയമത്തിനെതിരായി കെ സി വേണുഗോപാല്‍ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴതെല്ലാം അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നും പിണറായി ആരോപിച്ചു.



 

Leave a Reply