തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എന്‍എച്ച്എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.മെഡിക്കല്‍ കോളജിനായി കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കല്‍ സീറ്റുകള്‍ സജ്ജമാക്കാന്‍ 15,000 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ പി നദ്ദ ഉറപ്പ് നല്‍കി
കേന്ദ്രസഹായമായ 150 കോടി ഉടന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂര്‍ത്തിയാക്കി ഉടന്‍ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.


