കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. താൻ ഉന്നയിച്ച വിഷയങ്ങളിൽ കുറച്ചെങ്കിലും നീതി ലഭിച്ചുവെന്നും, ഇത് സംഘടനയുടെ ചരിത്രപരമായ ദിവസമാണെന്നും അൻസിബ പറഞ്ഞു. സംഘടനയുടെ വരവ്-ചെലവ് കണക്കുകളിലെ സുതാര്യതയില്ലായ്മയും ഭരണസമിതിയുടെ വീഴ്ചകളും ജനറൽ ബോഡിയിൽ തുറന്നു പറയാൻ സാധിച്ചതിൽ വലിയ ആശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കി.
32 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവവികാസമുണ്ടാകുന്നത്. കണക്കുകൾ അവതരിപ്പിക്കാൻ സാധിക്കാതെ ഭരണസമിതി നിസ്സഹായരായപ്പോൾ, ജനറൽ ബോഡിയിലെ അംഗങ്ങൾ തനിക്കൊപ്പം നിന്നുവെന്നും അൻസിബ പറഞ്ഞു. മുൻപ് മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ അതേപടി ജനറൽ ബോഡിക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു. ഉച്ചവരെ തന്നെ സംസാരിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടായിരുന്നെങ്കിലും, സഹപ്രവർത്തകരുടെ പിന്തുണയോടെ അവസരം നേടിയെടുക്കുകയായിരുന്നു. തനിക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും, എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും അൻസിബ പറഞ്ഞു. നീതി ലഭ്യമാകുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. സംഘടന വിട്ടുപോയ അതിജീവിതകൾ ഉൾപ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരാൻ പുതിയ കമ്മിറ്റി മുൻകൈ എടുക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. അവരെ ഔദ്യോഗികമായി തിരിച്ചുവിളിക്കുക എന്നത് സംഘടനയുടെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.


