Sun. Jul 26th, 2026

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാദങ്ങള്‍ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവരാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുമ്പോള്‍ ബിജെപി-സിപിഎം ഡീല്‍ ആരോപിച്ചവര്‍ ഭരണത്തില്‍ വന്നപ്പോള്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്.

മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് ഈ പദ്ധതിയുമായി മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് യുഡിഎഫ് ഇപ്പോള്‍ ന്യായീകരിക്കുന്നത്. പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഒപ്പിട്ടതുകൊണ്ട് മാത്രം ഒരു പദ്ധതിയും നടപ്പാക്കേണ്ടതില്ലെന്നും തെറ്റായ വാദങ്ങള്‍ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഒച്ചപ്പാടുണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ ഈ മലക്കംമറച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകളെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു വിയോജിപ്പും ഒരു സര്‍ക്കാരും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അവര്‍ പദ്ധതിയില്‍ ഒപ്പിടുകയും ദേശീയ വിദ്യാഭ്യാസ നയം എന്തൊക്കെയാണോ നിര്‍ദ്ദേശിച്ചിരിക്കുന്നത് അതെല്ലാം അതുപോലെ നടപ്പാക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് ഇതിലൂടെ വ്യക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.