Wed. Sep 30th, 2026

കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ ഗുരുതരമായ പരാതിയിൽ നിലപാട് വ്യക്തമാക്കി പൊലീസ്. ടിനി ടോമിനെതിരായ കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. അൻസിബയുടെ മൊഴിപ്പകർപ്പ് നിലവിൽ എ.സി.പിക്കും ഡി.സി.പിക്കും കൈമാറിയിട്ടുണ്ട്. കേസിന്റെ ഭാഗമായി നടി നീനാ കുറുപ്പിന്റെ മൊഴിയെടുക്കുന്നതിലും പൊലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടും. അതേസമയം, തന്റെ പരാതിയിൽ പൊലീസ് കൃത്യമായ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമപോരാട്ടവുമായി കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി.

തനിക്കെതിരെ ടിനി ടോം തുടർച്ചയായി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നുവെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. താൻ മറ്റുള്ളവരെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ ടിനി ടോം തെറ്റായ വാർത്തകൾ പരത്തി. പേര് ‘അൻസിബ ഹസൻ’ ആയതുകൊണ്ട് മാത്രം വ്യക്തിവിരോധം തീർക്കാൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനാണ് ടിനി ശ്രമിച്ചത്. ആരോട് സംസാരിച്ചാലും അവരെച്ചേർത്ത് മോശം കഥകൾ ഉണ്ടാക്കുകയും തനിക്കും തന്റെ കുടുംബത്തിനുമെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുകയും ചെയ്യുന്നു. “ടിനി ടോം എന്നോട് മാത്രമല്ല, കേരളം പോലുള്ള ഒരു സെക്കുലർ സ്റ്റേറ്റിനോടാണ് ദ്രോഹം ചെയ്തത്. മലയാളികൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ,” അൻസിബ പ്രതികരിച്ചു.

‘അമ്മ’ സംഘടനയുടെ മുന്നോട്ടുപോക്കിനെത്തന്നെ ബാധിച്ച ഈ തർക്കങ്ങളുടെ തുടക്കം ഫെബ്രുവരി 14-ന് നടന്ന സംഘടനയുടെ കുടുംബസംഗമത്തോടെയാണ്. ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസർമാരായി എത്തിയത്. ഒരു മതസ്ഥാപനം അമ്മയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് പിന്നാലെ അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. ജോലിത്തിരക്ക് മൂലമാണ് രാജിയെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞിരുന്നെങ്കിലും, തന്റെ രാജിക്ക് യഥാർത്ഥ കാരണം ടിനി ടോമിന്റെ മാനസിക പീഡനങ്ങളാണെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്കു ഡി.ജി.പിക്കും നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ആവശ്യമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.