ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. മാതാവിന്റെ ചികിത്സാ ആവശ്യാര്‍ഥം മൂന്ന് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിചാരണക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.അന്തരിച്ച തന്റെ അമ്മാവന്റെ നാല്‍പ്പതാം ചരമദിന ചടങ്ങില്‍ പങ്കെടുക്കുന്നതിനും, അടുത്ത മാസം ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന തന്റെ രോഗിയായ അമ്മയെ പരിചരിക്കുന്നതിനുമായി മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ആവശ്യം.
നേരത്തെ, 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 483, സിആര്‍പിസിയിലെ സെക്ഷന്‍ 439 എന്നിവ പ്രകാരം സമര്‍പ്പിച്ച ഹരജി കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജാജ് ആണ് നിരസിച്ചത്.

