Sun. Jul 26th, 2026

✍️ കെ. ജി. ഫ്രാൻസിസ് ആന്റണി

വേനൽ കടുത്തതോടെ ഭൂമിക്കടിയിലെ ചൂട് സഹിക്കവയ്യാതെ പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഇറങ്ങുന്നത് പതിവാകുകയാണ്. പലപ്പോഴും പാമ്പുകടിയേറ്റ വിവരം തിരിച്ചറിയാൻ വൈകുന്നതാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വീടും പരിസരവും എങ്ങനെയൊക്കെ സുരക്ഷിതമാക്കാം എന്ന് പരിശോധിക്കാം.

പാമ്പുകൾ ശീത രക്തമുള്ള ജീവികളായതിനാൽ അന്തരീക്ഷത്തിലെ താപനില ഉയരുന്നത് അവയുടെ ശരീരപ്രവർത്തനങ്ങളെ ബാധിക്കുകയും താപനില സ്വയം ക്രമീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ തണുപ്പുള്ള സ്ഥലങ്ങൾ തേടി അവ പുറത്തിറങ്ങുന്നതാണ് പ്രധാന കാരണം. കാടുകളിലും പൊത്തുകളിലും ചൂട് കൂടുമ്പോൾ നനവുള്ള മണ്ണോ തറയോ തേടി അവ വീടിന്റെ മൂലകളിലേക്കും കിണറുകൾക്ക് സമീപത്തേക്കും എത്തുന്നു. കൂടാതെ, വേനൽക്കാലത്ത് തവളകളും എലികളും ജലസ്രോതസ്സുകൾക്ക് അടുത്തേക്ക് നീങ്ങുന്നതുകൊണ്ട് ഇര തേടിയുള്ള പാമ്പുകളുടെ യാത്ര പലപ്പോഴും ജനവാസ മേഖലകളിലേക്കും വീട്ടുപരിസരങ്ങളിലേക്കും എത്തിച്ചേരുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് വേനൽക്കാലത്ത് പാമ്പുകളുമായുള്ള സമ്പർക്കം വർദ്ധിക്കുന്നത്.

വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക

പാമ്പുകളെ വീടിനടുത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം അവയ്ക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ കഴിയുന്ന ഇടങ്ങളാണ്. വീടിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ, കരിയിലക്കൂട്ടങ്ങൾ, പാഴ്വസ്തുക്കൾ എന്നിവ കൃത്യമായി നീക്കം ചെയ്യേണ്ടതുണ്ട്. വേനൽക്കാലത്ത് ഈർപ്പമുള്ള സ്ഥലങ്ങൾ തേടിയാണ് പാമ്പുകൾ എത്തുക എന്നതിനാൽ പൈപ്പുകൾക്ക് അടുത്തും മോട്ടോർ ഷെഡുകളിലും പ്രത്യേക ശ്രദ്ധ വേണം. വിറകുപുരകളിൽ വിറക് അടുക്കിവെക്കുമ്പോൾ തറയിൽ നിന്ന് അല്പം ഉയരത്തിൽ ക്രമീകരിക്കുന്നത് പാമ്പുകൾ ഒളിച്ചിരിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി കാലങ്ങളിൽ വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

വീടിനുള്ളിലെ പഴുതുകൾ അടയ്ക്കാം

വീടിനുള്ളിലേക്ക് പാമ്പുകൾ പ്രവേശിക്കുന്നത് തടയാൻ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള ചെറിയ പോരായ്മകൾ പോലും പരിഹരിക്കണം. വാതിലുകൾക്കും തറയ്ക്കും ഇടയിലുള്ള വിടവ്, ജനലുകളിലെ നെറ്റുകൾക്കിടയിലുള്ള പഴുതുകൾ എന്നിവ പാമ്പുകൾക്ക് എളുപ്പവഴികളാണ്. ചുമരുകളിൽ വിള്ളലുകളോ മാളങ്ങളോ ഉണ്ടെങ്കിൽ അവ സിമന്റ് ഉപയോഗിച്ച് അടയ്ക്കണം.

എലികളുടെ സാന്നിധ്യം പാമ്പുകളെ വീടിനുള്ളിലേക്ക് എത്തിക്കുന്ന പ്രധാന കാരണമാണ്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തറയിൽ ഉപേക്ഷിക്കാതിരിക്കാനും വീടിനുള്ളിൽ എലികളില്ലെന്ന് ഉറപ്പുവരുത്താനും പ്രത്യേകം ശ്രദ്ധിക്കണം.

സുരക്ഷിതമായ ഉറക്കം ശീലമാക്കാം

വേനൽക്കാലത്ത് തറയിലെ തണുപ്പ് ആസ്വദിക്കാൻ പായ വിരിച്ചോ അല്ലാതെയോ നിലത്ത് കിടന്നുറങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് പാമ്പുകടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിയുന്നതും കട്ടിലിൽ തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക.

കട്ടിലുകൾ ഭിത്തിയോട് ചേർത്തിടാതിരിക്കുന്നത് പാമ്പുകൾ അതിൽ കയറുന്നത് തടയാൻ സഹായിക്കും. ജനലിന് അരികിലായി കട്ടിൽ ഇടുന്നതും ഒഴിവാക്കണം. കൊതുകുവല ഉപയോഗിക്കുന്നത് കൊതുകിനെ മാത്രമല്ല, പാമ്പുകളെയും മറ്റ് ഇഴജന്തുക്കളെയും പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.

കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത

കുട്ടികൾക്ക് പാമ്പുകടിയേറ്റാൽ പലപ്പോഴും അത് തിരിച്ചറിയാൻ പ്രയാസമാണ്. ചെറിയ മുറിവോ പാടോ ചിലപ്പോൾ കാണണമെന്നില്ല. ഉറക്കത്തിൽ കുട്ടികൾ പെട്ടെന്ന് കരയുകയോ ശാരീരിക അസ്വസ്ഥതകളോ വയറുവേദനയോ പ്രകടിപ്പിക്കുകയോ ചെയ്താൽ അത് ഭക്ഷ്യവിഷബാധയോ മറ്റ് അസുഖങ്ങളോ ആണെന്ന് കരുതി അവഗണിക്കരുത്.

ലക്ഷണങ്ങൾ മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ സംശയമുണ്ടെങ്കിൽ ഉടനടി ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുക. ആന്റി വെനം ലഭ്യമായ ആശുപത്രികളെക്കുറിച്ച് മുൻകൂട്ടി ധാരണയുണ്ടാക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കും.

പരിസരം വൃത്തിയായി സൂക്ഷിക്കുക: വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകൾ, കരിയിലക്കൂട്ടങ്ങൾ എന്നിവ പാമ്പുകളുടെ പ്രിയപ്പെട്ട ഒളിത്താവളങ്ങളാണ്. കൂടാതെ കെട്ടിട നിർമ്മാണത്തിനായി കൊണ്ടുവന്ന കരിങ്കല്ലുകളും തടിയും മറ്റ് സാമഗ്രികളും വീടിൻറെ കോമ്പൗണ്ടിൽ കൂനകൂട്ടി ഇടാതിരിക്കുക. ചെരുപ്പുകളും ഷൂസ് ഉം അലക്ഷ്യമായി നിലത്തിടാതെ സ്റ്റാൻഡിൽ വെക്കുക. . കൂടാതെ ചേര, നീർക്കോലി, പൊട്ടൻ തുടങ്ങിയ നിരുപദ്രവകാരികളായ ഇനം പാമ്പുകളുടെ സാന്നിധ്യം മൂർഖനെയും അണലിയെയും പോലുള്ള വിഷപ്പാമ്പുകളെ അകറ്റും. കേരളത്തിൽ കാണപ്പെടുന്ന പാമ്പുകളിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. വിഷമുള്ളവയാണെങ്കിൽ തന്നെ കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ നൂറു ശതമാനവും ജീവൻ രക്ഷിക്കാനാകും. ഭയമല്ല, ജാഗ്രതയാണ് ആവശ്യം.

പാമ്പുകടിയേറ്റാൽ എന്തുചെയ്യണം?

പാമ്പുകടിയേറ്റാൽ ആദ്യത്തെ ‘ഗോൾഡൻ അവർ’ വളരെ പ്രധാനമാണ്. പരിഭ്രാന്തരാകാതെ താഴെ പറയുന്നവ ചെയ്യുക.

ശാന്തമായിരിക്കുക: പരിഭ്രമിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും വിഷം രക്തത്തിലൂടെ വേഗത്തിൽ പടരുകയും ചെയ്യും. രോഗിയെ ഓടാനോ നടക്കാനോ അനുവദിക്കരുത്.

മുറിവ് കഴുകുക: സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് പതുക്കെ കഴുകുക.

ആഭരണങ്ങൾ മാറ്റുക: കടിയേറ്റ ഭാഗത്ത് നീരു വരാൻ സാധ്യതയുള്ളതിനാൽ മോതിരം, വള, പാദസരം, വാച്ച് എന്നിവ ഉടൻ ഊരി മാറ്റുക.

അനങ്ങാതെ വയ്ക്കുക: കടിയേറ്റ ഭാഗം (കൈയോ കാലോ) ഒടിവ് സംഭവിച്ചാൽ ചെയ്യുന്നത് പോലെ സ്പ്ലിന്റ് (തടിക്കഷ്ണമോ മറ്റോ) ഉപയോഗിച്ച് അനങ്ങാതെ കെട്ടിവയ്ക്കുക.

ഉടൻ ആശുപത്രിയിലെത്തിക്കുക: ആന്റി വെനം (ASV) ലഭ്യമായ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ എത്രയും വേഗം എത്തിക്കുക.

പാമ്പുകടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തവ

മുറിവ് കീറരുത്: മുറിവ് കത്തി ഉപയോഗിച്ച് കീറാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്.

വായ ഉപയോഗിച്ച് വിഷം വലിച്ചെടുക്കരുത്: ഇത് ചെയ്യുന്ന ആളിന്റെ ജീവനും അപകടമാണ്.

രക്തയോട്ടം തടയരുത്: കടിയേറ്റ ഭാഗത്തിന് മുകളിൽ തുണിയോ കയറോ ഉപയോഗിച്ച് കടുപ്പത്തിൽ കെട്ടരുത്. ഇത് ആ ഭാഗം അഴുകിപ്പോകാൻ കാരണമാകും.

പാരമ്പര്യ ചികിത്സ തേടരുത്: പാമ്പുവിഷത്തിന് ശാസ്ത്രീയമായ ഒരേയൊരു ചികിത്സ ആന്റി വെനം മാത്രമാണ്. മന്ത്രവാദത്തിനോ പച്ചമരുന്ന് ചികിത്സയ്ക്കോ പിന്നാലെ പോയി സമയം കളയരുത്.

ചില മിഥ്യാധാരണകൾ

മണ്ണെണ്ണ, വെളുത്തുളളി, ജമന്തി എന്നിവയുടെ ഗന്ധം പാമ്പുകളെ അകറ്റുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു കാര്യമല്ല. ഇവയെല്ലാം പഴമൊഴികളിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും ഉണ്ടായ മിഥ്യാധാരണകൾ മാത്രമാണ്.

മണ്ണെണ്ണ (Kerosene): പാമ്പുകളെ അകറ്റാൻ മണ്ണെണ്ണ തളിക്കുന്നത് തീർത്തും തെറ്റായ ഒരു രീതിയാണ്. മണ്ണെണ്ണയ്ക്ക് രൂക്ഷഗന്ധം ഉണ്ടെങ്കിലും അത് പാമ്പുകളെ തടയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച്, മണ്ണെണ്ണ മണ്ണിൽ ഒഴിക്കുന്നത് ഭൂഗർഭജലത്തെ മലിനമാക്കാനും, വീടിനു ചുറ്റും വലിയ തീപിടുത്തം ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ. ഇത് വീട്ടിലുള്ളവർക്കും വളർത്തുമൃഗങ്ങൾക്കും ദോഷകരവുമാണ്.

​വെളുത്തുള്ളി (Garlic): വെളുത്തുള്ളി പാമ്പുകളെ അകറ്റുമെന്നത് വെറും വിശ്വാസം മാത്രമാണ്. ഇതിനെ പിന്തുണയ്ക്കുന്ന യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും ലോകത്തെവിടെയും ലഭ്യമല്ല. പാമ്പുകളുടെ മണം തിരിച്ചറിയാനുള്ള രീതി മനുഷ്യരുടേതിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ വെളുത്തുള്ളിയുടെ മണം അവയെ ഒട്ടും ബാധിക്കില്ല.

​ജമന്തി (Marigold): ജമന്തി ചെടി നട്ടാൽ പാമ്പ് വരില്ല എന്നത് മറ്റൊരു തെറ്റായ ധാരണയാണ്. പാമ്പുകൾക്ക് ചെടികൾക്കിടയിലൂടെ സഞ്ചരിക്കാൻ യാതൊരു പ്രയാസവുമില്ല. നേരെമറിച്ച്, വീടിന് ചുറ്റും ഇത്തരം ചെടികൾ കൂട്ടമായി നിൽക്കുന്നത് പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് ചെയ്യുക.

എന്തുകൊണ്ട് ഇവ ഫലപ്രദമല്ല?

പാമ്പുകൾ മണത്തറിഞ്ഞ് വഴിമാറിപ്പോകുന്ന ജീവികളല്ല. എലി, തവള തുടങ്ങിയ ഇരകളെ തേടിയും, വെയിലിൽ നിന്ന് മാറി തണുപ്പുള്ള സുരക്ഷിതമായ സ്ഥലങ്ങൾ തേടിയുമാണ് അവ സഞ്ചരിക്കുന്നത്. മണ്ണെണ്ണയോ വെളുത്തുള്ളിയോ ഒന്നും അവയുടെ ഈ അടിസ്ഥാന സ്വഭാവത്തെ മാറ്റില്ല.

ശരിയായ മാർഗ്ഗം:

ഇത്തരം പരീക്ഷണങ്ങൾക്ക് സമയം കളയുന്നതിനേക്കാൾ ഫലപ്രദം ശാസ്ത്രീയമായ സമീപനം തന്നെയാണ്:
​പരിസര ശുചിത്വം: വീടിന് ചുറ്റും കരിയിലകളും പാഴ്വസ്തുക്കളും കൂട്ടിയിടരുത്. എലി നിയന്ത്രണം: പാമ്പുകൾ വീടിനടുത്തേക്ക് വരാനുള്ള പ്രധാന കാരണം എലികളാണ്. എലികളെ നിയന്ത്രിച്ചാൽ പാമ്പുകൾ വരാനുള്ള സാധ്യത പകുതിയായി കുറയും.

മറ്റ് കെമിക്കലുകൾ ഒഴിവാക്കുക: പാമ്പിനെ തുരത്തുമെന്ന് പറഞ്ഞ് വിപണിയിൽ കിട്ടുന്ന രാസവസ്തുക്കളും പലപ്പോഴും ഫലപ്രദമല്ല. അവ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും ഇറങ്ങിച്ചെന്ന് പരിസ്ഥിതിക്ക് ദോഷം ചെയ്യുകയേ ഉള്ളൂ.

അതുകൊണ്ട് ഇത്തരം അന്ധവിശ്വാസങ്ങൾക്ക് പുറകെ പോകാതെ, വീടിന് ചുറ്റുമുള്ള സാഹചര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

പാമ്പ് കടിയേറ്റാൽ ‘കനിവ് 108’ ആംബുലന്‍സ് ഓടിയെത്തും

താലൂക്ക് തലം മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുകടിയേറ്റവർക്ക് ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുന്നതിന് ആരോഗ്യവകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണം.

നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും കനിവ് 108 ആംബുലന്‍സ് ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അവർ മുൻകൂട്ടി അറിയിക്കും.

(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് ലേഖകൻ കെ. ജി. ഫ്രാൻസിസ് ആന്റണി.)