ബോക്സ് ഓഫീസിൽ ചിരിയും ആവേശവും നിറച്ച് ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഭീഷ്മർ’ കുതിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായാണ് പ്രദർശനം തുടരുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗായ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ എത്തിയ ചിത്രം മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഒരുങ്ങിയ എട്ടാമത്തെ ചിത്രമാണിത്. രഞ്ജിൻ രാജിന്റെ സംഗീതവും രതീഷ് റാമിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. പാലക്കാടും പരിസരത്തുമായി 42 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ, വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ നേടുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

