കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പൽ തകർക്കപ്പെട്ടതിന് പിന്നാലെ, ശ്രീലങ്കൻ സമുദ്രപരിധിയിൽ രണ്ടാമതൊരു ഇറാനിയൻ കപ്പൽ കൂടി എത്തിയതായി റിപ്പോർട്ട്. നൂറിലധികം സൈനികരുള്ള ഈ കപ്പലിലെ ജീവനക്കാരുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് ശ്രീലങ്കൻ മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ്സ പാർലമെന്റിൽ വ്യക്തമാക്കി. ഇന്ത്യയിലെ അന്താരാഷ്ട്ര നാവിക പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ മൂന്ന് കപ്പലുകളുടെ സംഘത്തിൽപ്പെട്ടതാണ് ഇതും.
യന്ത്രത്തകരാർ സംഭവിച്ച കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി തേടിയിട്ടുണ്ടെങ്കിലും നിലവിൽ അതിന് അനുമതി നൽകിയിട്ടില്ല. എന്നാൽ കപ്പലുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യം ആക്രമിക്കപ്പെട്ട കപ്പലിന്റെ അതേ പാതയിലൂടെയാണ് രണ്ടാമത്തെ കപ്പലും സഞ്ചരിക്കുന്നത് എന്നതിനാൽ, വീണ്ടും ഒരു അമേരിക്കൻ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് മേഖല.

കപ്പൽ നിലവിൽ ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയിലാണുള്ളതെന്ന് നളിന്ദ ജയതിസ്സ വിശദീകരിച്ചു. തീരത്തുനിന്ന് 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള ഈ മേഖലയിൽ സാമ്പത്തിക അവകാശങ്ങൾ ഉണ്ടെങ്കിലും സൈനിക നീക്കങ്ങളിൽ ഇടപെടാൻ ശ്രീലങ്കയ്ക്ക് പരിമിതികളുണ്ട്. എങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യത്വപരമായ പരിഗണന നൽകി നാവികരുടെ ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
പശ്ചിമേഷ്യയിലെ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പടരുന്നത് ശ്രീലങ്കയെ കടുത്ത നയതന്ത്ര പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരിട്ട് യുദ്ധത്തിൽ പങ്കാളിയല്ലെങ്കിലും സ്വന്തം തീരത്തിനടുത്ത് നടക്കുന്ന ഈ സംഘർഷം രാജ്യത്തിന്റെ സമാധാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രസിഡന്റും പ്രതിരോധ ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.

