Wed. Nov 25th, 2026

വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്. വേടന്റെ പേരെടുത്ത് പറയാതെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, “നിയമത്തിന്റെ കണ്ണിൽ സ്ത്രീപീഡകനായ ഒരു വ്യക്തിയെ അവാർഡ് നൽകി ആദരിക്കുന്നത് നിയമത്തെ പരിഹസിക്കുന്നതിന് തുല്യമല്ലേ” എന്ന് ജോയ് മാത്യു ചോദ്യമുയർത്തി.

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘വിയർപ്പുതുന്നിയിട്ട കുപ്പായം’ എന്ന റാപ് ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്. യുവതലമുറയുടെ ജീവിതവും സ്വപ്‌നങ്ങളും ഈ ഗാനത്തിലൂടെ മനോഹരമായി അവതരിപ്പിക്കാനായി എന്നും, സ്ഥിരം കാല്പനിക ബിംബങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ എഴുത്തിലെ അതിജീവനം ജൂറിക്ക് കാണാതിരിക്കാൻ സാധിച്ചില്ലെന്നും പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി ചെയർമാൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം പുരസ്‌കാരനേട്ടം അറിഞ്ഞപ്പോൾ, ഒരു കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് വേടൻ പ്രതികരിച്ചു. പാട്ടുകാരൻ എന്നതിനേക്കാൾ രചയിതാവ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും, ഇനിയും ജീവിതം പഴയതുപോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.