Mon. Jul 27th, 2026

കൊച്ചി: ഇത് മതരാജ്യമല്ല, മതേതര രാജ്യത്ത് മതേതരമായ യൂണിഫോമാണ് വിദ്യാലയങ്ങളിൽ വേണ്ടതെന്നും വിദ്യാലയങ്ങളിൽ മതചിഹ്‌ന വസ്ത്രങ്ങൾ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് പള്ളിയല്ല പള്ളിക്കൂടം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും കേരളാ യുക്തിവാദി സംഘം എറണാകുളം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

സ്‌കൂൾ യൂണിഫോമിന്റെ കൂടെ ഹിജാബ് ഉപയോഗിക്കുന്ന കാര്യത്തിൽ കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയുമെല്ലാം വിധി പറഞ്ഞിട്ടുള്ളതാണ്. യൂണിഫോം തീരുമാനിക്കാൻ സ്‌കൂൾ അധികൃതർക്ക് അവകാശമുണ്ട്. മര്യാദയ്ക്ക് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ചില ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണ്. യൂണിഫോമിന്റെ ഉദ്ദേശം തുല്യതയാണ്. ജാതിയും മതവും സമ്പന്നനും പാവപ്പെട്ടവനും തിരിച്ചറിയാതെ ഇരിക്കാനാണ് യൂണിഫോം. അതിൻറെ ഉദ്ദേശം തന്നെ ഇല്ലാതാകുകയും തങ്ങളുടെ മതത്തിൽ പെട്ട കുട്ടികളെ നെറ്റിയിൽ മുസ്ലിം എന്നെഴുതി ഒട്ടിക്കുന്നതിന് സമാനമായി വേറിട്ട വസ്ത്രം ധരിച്ചിരുത്തണമെന്ന അനാവശ്യ വിവാദങ്ങൾക്കാണ് ശ്രമിക്കുന്നത്. കൂടാതെ സ്ത്രീയുടെ തലമുടി കണ്ടാൽ ദൈവത്തിന് ഹാൽ ഇളകുമെന്ന അന്ധവിശ്വാസവും സ്‌കൂളിൽ കൂടി അംഗീകരിക്കണമെന്ന വിചിത്രവാദവും.

കുട്ടികളിൽ അന്ധവിശ്വാസം വളര്ത്താനും മതപരമായ വേർതിരിവുകൾ പഠിപ്പിക്കാനും ഉള്ളതല്ല സ്‌കൂൾ. ഫണ്ടമെന്റലിസ്റ്റുകൾ സ്‌കൂളുകളിൽ വിശ്വാസത്തിന്റെയും ആചാരത്തിന്റെയുമൊക്കെ പേരുപറഞ്ഞു നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി സമൂഹത്തിൻറെ സ്വൈര്യജീവിതം തകർക്കാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. പൊതുസമൂഹവും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും കേരളാ യുക്തിവാദി സംഘം എറണാകുളം ജില്ലാ പ്രസിഡന്റ് കെ പി തങ്കപ്പൻ, സെക്രട്ടറി എ ഒ ശശി എന്നിവർ ആവശ്യപ്പെട്ടു.