Mon. Nov 23rd, 2026

തൃശൂർ: അഖിലലോക അയ്യപ്പ സംഗമം സർക്കാർ പരിപാടിയായി നടത്തുവാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കേരള യുക്തിവാദിസംഘം. ഭക്തജന സംഗമം നടത്തേണ്ടത് സർക്കാർ ചുമതലയല്ല. ഒരു മതേതരഭരണ സംവിധാനത്തിൽ ഭരണകൂടം നേരിട്ടു് ഇത്തരം ഒരു പരിപാടി നടത്തുന്നത് ഭരണഘടനാവിരുദ്ധവും മതപ്രീണനവുമാണ്. ഭക്തജന സംഗമങ്ങൾ വിളിച്ചു ചേർക്കൽ ഒരിക്കലും സർക്കാർ പരിപാടിയാകരുതു് എന്ന് കേരളാ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ. ശക്തീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

മാത്രമല്ല ഒരു മതേതര രാജ്യത്തെ ഭരണാധികാരികൾ ഒരിക്കലും ഏതെങ്കിലുമൊരു മതവിഭാഗത്തിനു വേണ്ടിയാകാതെ സ്റ്റേറ്റിൻ്റെ മൊത്തം ഭരണ കർത്താക്കളായിരിക്കണം. മതത്തിനതീതമായി പൗരൻ്റെ ക്ഷേമം ഉറപ്പുവരുത്തുന്നതായിരിക്കണം സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വം. ഭരണഘടന അനുഛേദം 51( ah) എല്ലാ പൗരൻമാരും ശാസ്ത്രീയ മനോഭാവവും അന്വേഷണത്വരയും വളർത്തുന്നതിനുവേണ്ടിയുള്ള മനോഭാവം വളർത്തിയെടുക്കണമെന്ന് അനുശാസിക്കുന്നു. ഇതിനു വിരുദ്ധമാണ് സ്‌റ്റേറ്റിൻ്റെ ഈ തീരുമാനം. അതുകൊണ്ട് അഖിലലോക അയ്യപ്പ സംഗമം വിളിച്ചു ചേർക്കുന്നതിൽ നിന്നും കേരള സർക്കാർ പിൻമാറണമെന്ന് കേരള യുക്തിവാദിസംഘം ആവശ്യപ്പെടുന്നതായി അവർ വ്യക്തമാക്കി.

ദേവസ്വം ബോർഡിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സെപ്തംബർ മാസത്തിൽ പമ്പയിൽ വച്ച് ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി അഖില ലോക അയ്യപ്പ സംഗമം നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.