Mon. Nov 23rd, 2026

തിരുവനന്തപുരം: ജീവിച്ചിരിക്കെ ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ സി.പി.എമ്മിൻ്റെ കരുത്തനായ നേതാവായി മാറിയ വി.എസ് മരണത്തിലും പാർട്ടിക്ക് കരുത്ത് നൽകിയാണ് വിട പറഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹത്തിൻ്റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. എ.കെ.ജി സെൻ്ററിനു മുന്നിലും ദർബാർഹാളിലും വി.എസിൻ്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ എത്തിയ ആയിരങ്ങൾ ആലപ്പുഴയിലേക്ക് വിലാപയാത്ര പുറപ്പെട്ടപ്പോൾ പതിനായിരങ്ങളായി മാറിയിരിക്കുകയാണ്. സി.പി.എം നേതൃത്വത്തിൻ്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ജനപ്രവാഹമാണ് വഴിയിലുടനീളം വി എസിനെ കാത്തിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ വിലാപയാത്ര ആലപ്പുഴയിൽ എത്തുമ്പോഴേക്കും അത് ലക്ഷക്കണക്കിന് ആളുകളുടെ ജനസാഗരമായി മാറുമെന്ന കാര്യം ഉറപ്പാണ്.

തീർച്ചയായും കേരളം കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള ഒരു യാത്രാമൊഴിയാണ് വിഎസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു നേതാവിനും ഇന്നുവരെ ലഭിക്കാത്ത യാത്രാമൊഴിയാണിത്. വി.എസിനെ ഒരു നോക്ക് കാണാൻ എത്തിയവരിൽ കൊച്ചുകുട്ടികളും ഭിന്നശേഷിക്കാരും സ്ത്രീകൾ മുതൽ വൃദ്ധജനങ്ങൾ വരെ ഉണ്ട്. ശാരീരികാവസ്ഥയും കാലാവസ്ഥ ഉയർത്തുന്ന പ്രതിസന്ധികളെയും അതിജീവിച്ചാണ് പലരും തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ എത്തിയത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

സി.പി.എമ്മിനെ സംബന്ധിച്ച് സംഘടനാപരമായി പുതിയ ഊർജ്ജവും ഉത്തരവാദിത്വവും നൽകിയാണ് വി.എസ് വിട പറഞ്ഞിരിക്കുന്നത്. ആരാണ് വി.എസ് എന്നത് അറിയാത്തവരും അറിഞ്ഞ മണിക്കൂറുകളാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടിയും, സ്ത്രീ സമൂഹത്തിനു വേണ്ടിയും പരിസ്ഥിതിക്കു വേണ്ടിയും വി.എസ് നടത്തിയ പോരാട്ടങ്ങളും അദ്ദേഹം നേരിട്ട കൊടുംപീഢനങ്ങളുമെല്ലാം വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും വ്യാപകമായി പ്രചരിക്കപ്പെട്ടത് കമ്യൂണിസ്റ്റുകളെ വില്ലൻമാരായി കണ്ടവരുടെ മനസ്സുകളെ പോലും വല്ലാതെ ഉലച്ചിട്ടുണ്ട്.

വിപ്ലവ മനസ്സുകളെ സംബന്ധിച്ച് ഇന്നും സിരകളിൽ അഗ്‌നി പടർത്തുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം. ദിവാൻ സർ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകൾക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ കമ്യൂണിസ്റ്റുപാർട്ടി തീരുമാനമെടുത്തത്. അന്നത്തെ ഏറ്റുമുട്ടലിൽ അനവധി തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. ഒടുവിൽ സർ സിപിയുടെ തല തന്നെ വിപ്ലവകാരികൾ കൊയ്യുകയുണ്ടായി. ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരിൽ ഒരാളായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടിൽ നിന്നാണ് ഒളിവിലിരിക്കെ പൊലീസ് സംഘം പിടികൂടുന്നത്. തുടർന്ന് ലോക്കപ്പിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നതാകട്ടെ സമാനതകളില്ലാത്ത പീഡനങ്ങളും.

ജയിലഴിക്കുള്ളിൽ കാലുകൾ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടിയാണ് ഭീകരമായി വി.എസിനെ മർദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലിൽ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ചുകയറി മറുവശത്ത് എത്തിയ ആ പാടുകൾ ഇന്നും വി.എസിൻ്റെ കാലുകളിൽ വ്യക്തമാണ്. മരിച്ചു എന്നുകരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വർധിതവീര്യത്തോടെ വി.എസ് വീണ്ടും ഉയർത്തെഴുന്നേറ്റു വരുന്നത്.

വി.എസിൻ്റെ മരണം വരെയുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ അത് ഏതൊരു മനുഷ്യൻ്റെയും സിരകളിൽ അഗ്നി പടർത്തുന്നതാണ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം മറയൂരിലെ ചന്ദനക്കൊള്ള, നഴ്സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി, വിവിധ ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകൾ, എല്ലാം തന്നെ, വി.എസിന് വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തിരുന്നത്. ഇന്ന് കേരളത്തിൽ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം എന്നു പറയുന്നത് തന്നെ, കുട്ടനാട്ടിൽ മുൻപ് വി.എസിൻ്റെ നേതൃത്വത്തിൽ നടന്ന ‘ആ’ വെട്ടിനിരത്തൽ സമരം തന്നെയാണ്. ആരൊക്കെ നിഷേധിച്ചാലും, അതൊരു യാഥാർത്ഥ്യമാണ്.

വി.എസിനെ പോലെ പാവങ്ങൾക്കു വേണ്ടി പോരാടിയ ഒരു നേതാവിനെ സംഭാവന ചെയ്തു എന്നത്, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എമ്മിനും ആ പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകൾക്കും വലിയ നേട്ടമായാണ് ഇനിയും മാറുക. വരുന്ന തിരഞ്ഞെടുപ്പുകളിൽ പോലും അതിൻ്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വി.എസിൻ്റെ മരണത്തോടെ അവസാനത്തെ കമ്യൂണിസ്റ്റിനെയും നഷ്ടമായി എന്ന പ്രചരണമാണ് എതിർകക്ഷികൾ വ്യാപകമായി നടത്തുന്നത്. അനീതിക്കും അഴിമതിക്കും എതിരായി വി.എസ് നടത്തിയ പോരാട്ടത്തിൻ്റെ പാതയിൽ, കൂടുതൽ ശക്തമായി മുന്നോട്ട് പോവുക എന്നത് ഇനി ഓരോ സി.പി.എമ്മുകാരൻ്റെയും ബാധ്യതയാണ്.